കാഴ്ചക്കാരായി ജീവനക്കാര്‍,  ആശുപത്രിയില്‍ ഭാര്യയുടെ മൃതദേഹം കൈയിലെടുത്ത് കോണിപ്പടി ഇറങ്ങി ഭര്‍ത്താവ്; അന്വേഷണം

ആശുപത്രിയിലെ നാലു ജീവനക്കാര്‍ക്ക് ജില്ലാ ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഒഡീഷയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അധികൃതരുടെ ആരുടെയും സഹായം കിട്ടാതെ വന്നപ്പോള്‍ ഭാര്യയുടെ മൃതദേഹം കൈയിലെടുത്ത് ഭര്‍ത്താവിന് തന്നെ ആംബുലന്‍സില്‍ കയറ്റേണ്ടി വന്ന ദയനീയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. ആശുപത്രിയിലെ നാലു ജീവനക്കാര്‍ക്ക് ജില്ലാ ഭരണകൂടം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

കന്ധമല്‍ ജില്ലയിലാണ് സംഭവം.40 കാരിയായ റുദ്ദുമതിയാണ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ബുധനാഴ്ച മരിച്ചത്. രോഗബാധിതയായ 40കാരിയെ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റാരുടെയും സഹായം ലഭിക്കാതെ വന്നപ്പോള്‍ ഭര്‍ത്താവ് ബാലകൃഷ്ണ ഭാര്യയുടെ മൃതദേഹം കൈയിലെടുക്കുകയായിരുന്നു. ഒന്നാം നിലയിലുള്ള സ്ത്രീകളുടെ വാര്‍ഡില്‍ നിന്ന് കോണിപ്പടി ഇറങ്ങിയാണ് ഭര്‍ത്താവ് താഴെ എത്തിയത്. ഈസമയത്ത് ആശുപത്രിയിലെ ജീവനക്കാര്‍ ബാലകൃഷ്ണയുടെ സഹായത്തിന് എത്തിയില്ല എന്നാണ് പരാതി. തുടര്‍ന്ന് താഴത്തെ നിലയില്‍ കിടന്നിരുന്ന സ്‌ട്രെച്ചറില്‍ മൃതദേഹം കിടത്തി ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. സ്‌ട്രെച്ചറിന് ചക്രം ഉണ്ടായിരുന്നില്ല. മറ്റാരും സഹായത്തിന് എത്താതിരുന്നതോടെ റുദ്ദുമതിയുടെ പ്രായമായ അച്ഛനാണ് ബാലകൃഷ്ണന് സഹായത്തിന് എത്തിയത്. 200 മീറ്റര്‍ അകലെയുള്ള വാനിലാണ് മൃതദേഹം കയറ്റിയത്.

സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാലു ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com