ലഡാക്കില്ലാതെ ഇന്ത്യ; മുഖ്യമന്ത്രിയായതിന് പിന്നാലെ വിവാദത്തിൽ കുടുങ്ങി പുഷ്കർ സിങ് ധാമി; പഴയ ട്വീറ്റ് കുത്തിപ്പൊക്കി

ലഡാക്കില്ലാതെ ഇന്ത്യ; മുഖ്യമന്ത്രിയായതിന് പിന്നാലെ വിവാദത്തിൽ കുടുങ്ങി പുഷ്കർ സിങ് ധാമി; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
പുഷ്‌കര്‍ സിങ് ധാമി/ ഫയല്‍
പുഷ്‌കര്‍ സിങ് ധാമി/ ഫയല്‍

ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ പുഷ്കർ സിങ് ധാമി വിവാദത്തിൽ. ആറ് വർഷം മുൻപ് ധാമി ചെയ്ത ട്വീറ്റാണ് ഇപ്പോൾ വിവാ​ദമായി മാറിയത്. ആറ് വർഷം മുൻപ് ട്വീറ്റ് ചെയ്ത ഇന്ത്യയുടെ ഭൂപടമാണ് പുതിയ വിവാദത്തിന് വഴി തുറന്നത്.  

അഖണ്ഡ ഭാരതം എന്ന പേരിൽ ഇന്ത്യയുടെ പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയുള്ള മാപ്പ് 2015ൽ ധാമി ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് ഇപ്പോൾ കുത്തിപ്പൊക്കി വിവാദമായി മാറിയത്. പുഷ്‌കർ സിങ് ധാമി ചുമതലയേറ്റതിന് പിന്നാലെ ട്വിറ്റർ ഉപയോക്താക്കൾ ധാമിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കുകയായിരുന്നു. 

നിരവധി പേർ ധാമിയുടെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടുകൽ ട്വിറ്ററിൽ പങ്കുവെച്ചു. ഇന്ത്യയുടെ ഭാഗമായ ലഡാക്കിന്റേതുൾപ്പെടെയുള്ള ഭാഗങ്ങൾ ഒഴിവാക്കിയുള്ള മാപ്പാണ് ധാമി പങ്കുവെച്ചതെന്ന് ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. 

ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചതിന് അടുത്തിടെ ട്വിറ്ററിനെതിരെ രണ്ട് പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അതിർത്തിയിലുള്ള ഇന്ത്യൻ പ്രദേശമായ ലേ മാപ്പിൽ ചിത്രീകരിക്കപ്പെട്ടത് ചൈനയുടെ പ്രദേശമായായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിൽ, ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രസിദ്ധീകരിച്ചതിന് ലോകാരോഗ്യ സംഘടനയെ കേന്ദ്ര സർക്കാർ വിമർശിച്ചിരുന്നു. ഇന്ത്യയുടെ വികലമായ ഭൂപടം പ്രസിദ്ധീകരിച്ചതിന് ബിബിസി ക്ഷമ ചോദിക്കുകയും പിന്നീട് അത് ശരിയാക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com