ആക്രമണത്തിന് പിന്നാലെ പേടിഎമ്മില്‍ നിന്ന് മൊബൈലില്‍ സന്ദേശം, സിസിടിവി ദൃശ്യങ്ങള്‍; കുത്തുകേസില്‍ പ്രതികള്‍ വലയിലായത് ഇങ്ങനെ 

കഴിഞ്ഞയാഴ്ച രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ആക്രമണ കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത് സാങ്കേതികവിദ്യ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച രാജ്യതലസ്ഥാനത്തെ ഞെട്ടിച്ച ആക്രമണ കേസില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത് സാങ്കേതികവിദ്യ. സിസിടിവി ദൃശ്യങ്ങളുടെയും പ്രമുഖ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ പേടിഎമ്മില്‍ നിന്നുള്ള സന്ദേശത്തിന്റെയും അടിസ്ഥാനത്തിലാണ് രണ്ടു പ്രതികളെ പിടികൂടിയതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. മൂന്നാമത്തെ പ്രതിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

വ്യാഴാഴ്ച ഡല്‍ഹി ആദര്‍ശ് നഗറിലാണ് വീട്ടിലേക്ക് പോകുകയായിരുന്ന 23കാരനെ ആക്രമിച്ചത്. മൊബൈല്‍ ഫോണും പേഴ്‌സും തട്ടിയെടുത്തശേഷം അക്രമി സംഘം കുത്തിപ്പരിക്കേല്‍പ്പിച്ചു എന്നതാണ് കേസ്. കവര്‍ച്ചാശ്രമം തടയാനുള്ള ശ്രമത്തിനിടെയാണ് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചത്. അക്രമത്തിന് പിന്നാലെ ബൈക്കില്‍ തന്നെ സംഘം കടന്നുകളഞ്ഞതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളിലേക്ക്് അന്വേഷണം എത്തിയത്. ഇതിന് പുറമേ 23കാരന്റെ ഫോണിലേക്ക് പേടിഎമ്മില്‍ നിന്ന് വന്ന സന്ദേശവും അന്വേഷണത്തില്‍ നിര്‍ണായകമായതായി പൊലീസ് പറയുന്നു. സംഭവം നടന്ന് അരമണിക്കൂറിനുള്ളിലാണ് സന്ദേശം എത്തിയത്. ഇതിനെ പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

പ്രതികളില്‍ ഒരാള്‍ 23കാരന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് 1050 രൂപയുടെ ഇടപാട് നടത്തി. ആസാദ്പൂരില്‍ സിഎന്‍ജി പമ്പിന് സമീപം നില്‍ക്കുന്ന മറ്റൊരാള്‍ക്കാണ് പണം കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട സന്ദേശം പേടിഎം നോഡല്‍ ഓഫീസറില്‍ നിന്ന് ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. 

തുടര്‍ന്ന് സിഎന്‍ജി പമ്പിന് അരികിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അക്രമം നടന്ന സ്ഥലത്തുള്ള സിസിടിവിയില്‍ പതിഞ്ഞ ബൈക്ക് തന്നെയാണ് ആസാദ്പൂരിലും കണ്ടെത്തിയത്. പ്രതികള്‍ ബൈക്കിലാണ് അവിടെ എത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ പണം കൈമാറുന്നത് വ്യക്തമായി. പെട്രോള്‍ പമ്പിലെ ജീവനക്കാരനാണ് പണം കൈമാറിയത് എന്ന് മനസിലായി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പ്രതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.

അടിയന്തര ചികിത്സയ്ക്ക് പണം കൈയില്‍ വേണമെന്ന് പറഞ്ഞാണ് അവര്‍ തന്നെ സമീപിച്ചതെന്ന് ജീവനക്കാരന്‍ പറഞ്ഞതായി പൊലീസ് പറയുന്നു. പകരം ഓണ്‍ലൈനായി പണം ജീവനക്കാരന് കൈമാറി. പേടിഎം വഴിയാണ് പണം കൈമാറിയത്. തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com