16ലക്ഷത്തിന്റെ ​ഗ്രാറ്റ്യുവിറ്റി ഉടന്‍ തരണം, ഭൂമിയില്‍ വരള്‍ച്ച സൃഷ്ടിക്കുമെന്ന് ഭീഷണി; 'വിഷ്ണുവിന്റെ അവതാരം', അവകാശവാദവുമായി മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 

ഗുജറാത്തില്‍ പിടിച്ചുവെച്ച ​ഗ്രാറ്റ്യുവിറ്റി ലഭിക്കുന്നതിന് വിചിത്രവാദവുമായി മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ പിടിച്ചുവെച്ച ​ഗ്രാറ്റ്യുവിറ്റി ലഭിക്കുന്നതിന് വിചിത്രവാദവുമായി മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. വിഷ്ണുവിന്റെ അവതാരമാണ് എന്ന് അവകാശപ്പെടുന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ രമേഷ്ചന്ദ്ര, ഗ്രാറ്റ്യുവിറ്റി വിട്ടുനല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി മുഴക്കിയത്. ഗ്രാറ്റ്യുവിറ്റി വിട്ടുനല്‍കിയില്ലെങ്കില്‍ തന്റെ ദൈവിക ശക്തി ഉപയോഗിച്ച് ലോകത്ത് വരള്‍ച്ച സൃഷ്ടിക്കുമെന്നാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.

ഓഫീസില്‍ ദീര്‍ഘകാലം വരാതിരുന്നിട്ടും വിരമിക്കലിനുള്ള സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് തന്നെ സര്‍ക്കാര്‍ രമേഷ്ചന്ദ്രയ്ക്ക് റിട്ടയര്‍മെന്റ് അനുവദിച്ചിരുന്നു. വിഷ്ണുവിന്റെ അവതാരമാണ് എന്ന അവകാശവാദത്തിന് പിന്നാലെയാണ് വിരമിക്കാന്‍ അനുവദിച്ചത്. നിലവില്‍ പിടിച്ചുവെച്ച ഗ്രാറ്റ്യുവിറ്റി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയുമായി രംഗത്തുവന്നത്. ജലവിഭവവകുപ്പ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ഗ്രാറ്റിയുവിറ്റി ഉടന്‍ വിട്ടുനല്‍കണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമുള്ള ഭീഷണി. 'സര്‍ക്കാരില്‍ ഭൂതങ്ങളാണ് ഇരിക്കുന്നത്. അവര്‍ എന്നെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. 16ലക്ഷത്തിന്റെ ഗ്രാറ്റ്യുവിറ്റി പിടിച്ചുവച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തെ ശമ്പളമായി 16 ലക്ഷം രൂപ കിട്ടാനുമുണ്ട്. തന്റെ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഭൂമിയില്‍ കടുത്ത വരള്‍ച്ച സൃഷ്ടിക്കും. കാരണം ഞാന്‍ വിഷ്ണുവിന്റെ പത്താമത്തെ അവതാരമായ കല്‍ക്കിയാണ്'- കത്തിലെ വരികള്‍ ഇങ്ങനെ.

ജലവിഭവവകുപ്പിന് കീഴിലുള്ള സര്‍ദാര്‍ സരോവര്‍ പുനര്‍വസ്വത് ഏജന്‍സിയിലെ സൂപ്രണ്ട് എന്‍ജിനീയറായിരുന്നു രമേഷ്ചന്ദ്ര. നര്‍മ്മദ അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസം ഉറപ്പാക്കാനുള്ള ചുമതലയാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. 2018ല്‍ സ്ഥിരമായി ഓഫീസില്‍ വരാതിരുന്നതിനെ തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ജോലിയ്ക്ക് വരാതെ തന്നെ ശമ്പളം വേണമെന്നായിരുന്നു രമേഷ്ചന്ദ്ര അന്ന് ആവശ്യപ്പെട്ടിരുന്നത്. ശമ്പളം മുടങ്ങാതെ തന്നാല്‍ ഭൂമിയില്‍ മഴ പെയ്യിക്കാമെന്നാണ് അന്ന് രമേഷ്ചന്ദ്ര പറഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

അദ്ദേഹത്തിന്റെ മാനസിക നില കണക്കിലെടുത്ത്  സ്‌പെഷ്യല്‍ കേസായി കണ്ട് റിട്ടയര്‍മെന്റ് അനുവദിച്ചു. ഗ്രാറ്റ്യുവിറ്റി നല്‍കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അസംബന്ധം പറയുന്ന ആളാണ് രമേഷ്ചന്ദ്ര. രമേഷ്ചന്ദ്രയുടെ അവകാശവാദവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും ജലവിഭവവകുപ്പ് സെക്രട്ടറി എം കെ ജാദവ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com