ഐസിയുവില്‍ നിന്ന് ഐസ്‌ക്രീം കഴിച്ച യുവതി മരിച്ചു; പിറ്റേന്ന് ബന്ധുവും ഹോട്ടലില്‍ മരിച്ച നിലയില്‍; ദുരൂഹത

എയര്‍ ഹോസ്റ്റസായ റോസിയും ബന്ധുവായ സാമുവലും വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്‌ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഐസിയുവില്‍ നിന്ന് ഐസ്‌ക്രീം കഴിച്ച യുവതി മരിച്ചു; പിറ്റേന്ന് ബന്ധുവും ഹോട്ടലില്‍ മരിച്ച നിലയില്‍; ദുരൂഹത


ന്യൂഡല്‍ഹി:  ബന്ധുക്കള്‍ അടുത്ത ദിവസങ്ങളില്‍ മരിച്ച സംഭവത്തില്‍ ദൂരൂഹത. നാഗാലാന്‍ഡ് സ്വദേശികളായ 29കാരി റോസി സംഗ്മ ബന്ധുവായ സാമുവല്‍ സംഗ്മ എന്നിവരുടെ മരണത്തിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്. ഐസിയുവില്‍ ചികിത്സയിലായിരിക്കെ ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ ജൂണ്‍ 24-നാണ് ഗുരുഗ്രാമിലെ ആല്‍ഫ ആശുപത്രിയില്‍വെച്ച് മരിച്ചത്. റോസിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയ ബന്ധു സാമുവലിനെ തൊട്ടടുത്തദിവസം നഗരത്തിലെ ഹോട്ടല്‍മുറിയിലും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവം വിവാദമായതോടെ കേസില്‍ ഡല്‍ഹി പൊലീസും ഗുരുഗ്രാം ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്. അതേസമയം, സാമുവലിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.

എയര്‍ ഹോസ്റ്റസായ റോസിയും ബന്ധുവായ സാമുവലും ഡല്‍ഹി ബിജ്വാസന്‍ മേഖലയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ജൂണ്‍ 23-ന് രാത്രി കൈയ്ക്കും കാലിനും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റോസിയെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതോടെ 24-ാം തീയതി ഗുരുഗ്രാം സെക്ടര്‍ 10-ലെ ആല്‍ഫ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രവേശിപ്പിച്ചതിന് ശേഷം ഐ.സി.യുവില്‍വെച്ച് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ റോസി ഐസ്‌ക്രീം കഴിച്ചെന്നും ഇതിനുശേഷം ആരോഗ്യനില മോശമായി മരണം സംഭവിച്ചെന്നുമായിരുന്നു കൂടെയുണ്ടായിരുന്ന സാമുവലിന്റെ ആരോപണം. ഡോക്ടര്‍മാരുടെ അശ്രദ്ധയും പിഴവുമാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.

റോസിയുടെ മരണശേഷം ഇക്കാര്യങ്ങള്‍ വിശദീകരിച്ച് സാമുവല്‍ സാമൂഹികമാധ്യമങ്ങളില്‍ വീഡിയോയും പോസ്റ്റ് ചെയ്തു. എന്നാല്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തതോടെ ആശുപത്രി അധികൃതര്‍ മര്‍ദിച്ചെന്നും ആശുപത്രിയില്‍നിന്ന് തന്നെ പുറത്താക്കിയെന്നും സാമുവല്‍ പറയുന്നു. ഈ സംഭവങ്ങളുണ്ടായി 24 മണിക്കൂര്‍ കഴിഞ്ഞതിന് പിന്നാലെയാണ് നഗരത്തിലെ ഹോട്ടല്‍മുറിയില്‍ സാമുവലിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

അതേസമയം, റോസിയുടെ മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് ആല്‍ഫ ആശുപത്രി ഉടന ഡോ. അനുജ് വിഷ്‌ണോയ് പ്രതികരിച്ചു. ഐസിയുവിലെ മറ്റൊരു രോഗി ഐസ്‌ക്രീം കഴിക്കുന്നത് കണ്ടാണ് റോസി ഐസ്‌ക്രീം ആവശ്യപ്പെട്ടത്. അവരുടെ ഇഷ്ടപ്രകാരമാണ് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്ത് കഴിച്ചതെന്നും സാമുവലിനെ ആശുപത്രി ജീവനക്കാര്‍ മര്‍ദിച്ചിട്ടില്ലെന്നും അനുജ് വിഷ്‌ണോയ് പറഞ്ഞു. സാമുവിലിന് പിന്നീട് എന്ത് സംഭവിച്ചുവെന്നതില്‍ തങ്ങള്‍ക്കൊന്നുമറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ സാമുവലിന്റെ മരണം കൊലപാതകമാണെന്നാണ് അദ്ദേഹത്തിന്റെ പിതാവിന്റെ ആരോപണം. ഇതൊരിക്കലും ആത്മഹത്യയല്ല. റോസിയുടെ മരണശേഷം അവന്‍ ഏറെ അസ്വസ്ഥനായിരുന്നു. റോസിക്ക് നീതി ലഭിക്കാനായി പോരാടുമെന്നും ഏതറ്റം വരെ പോകുമെന്നും ഫോണ്‍ വിളിച്ചപ്പോള്‍ മകന്‍ പറഞ്ഞതായി പിതാവ് പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com