ദൃശ്യം സിനിമ 'പ്രചോദനമായി', അയല്‍വാസിയെ കുടുക്കാന്‍ വെടിവയ്പ് നാടകം; ചോരയൊലിപ്പിച്ച് പ്രതി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം, പൊളിച്ചടുക്കി പൊലീസ് 

ദൃശ്യം സിനിമയുടെ പ്രചോദനം ഉള്‍ക്കൊണ്ട് അയല്‍വാസിയെ കുടുക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയുടെ പദ്ധതി പൊളിച്ച് പൊലീസ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ദൃശ്യം സിനിമയുടെ പ്രചോദനം ഉള്‍ക്കൊണ്ട് അയല്‍വാസിയെ കുടുക്കാന്‍ ശ്രമിച്ച കൊലക്കേസ് പ്രതിയുടെ പദ്ധതി പൊളിച്ച് പൊലീസ്. അയല്‍വാസി തന്നെ ആക്രമിച്ചു എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് പൊലീസിന്റെ അന്വേഷണത്തില്‍ തകര്‍ന്നത്.

വടക്കന്‍ ഡല്‍ഹിയില്‍ അയല്‍വാസിയുടെ അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമര്‍ പാലാണ് പദ്ധതിയിട്ടത്.  കൊലപാത കേസില്‍ സാക്ഷിയായ അയല്‍വാസിയുടെ ബന്ധുക്കളില്‍ സമ്മര്‍ദം ചെലുത്തി കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അമര്‍ പാല്‍ ശ്രമിച്ചിരുന്നു.എന്നാല്‍ ഇത് പരാജയപ്പെട്ടതോടെ, അയല്‍വാസിയെ കുടുക്കാന്‍ വ്യാജ വെടിവയ്പ് സംഭവം അമര്‍ പാലിന്റെ നേതൃത്വത്തില്‍ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ദൃശ്യം സിനിമയുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതിയും കൂട്ടുകാരും ചേര്‍ന്ന് തിരക്കഥ മെനഞ്ഞതെന്ന് പൊലീസ് പറയുന്നു.

അയല്‍വാസി ഓംബീറിന്റെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മെയ് 29ന് ഇടക്കാല ജാമ്യത്തില്‍ അമര്‍ പാല്‍ പുറത്തിറങ്ങി. 2019ലാണ് കൊലപാതകം നടന്നത്. 2019 മുതല്‍ ജയിലായിരുന്നു അമര്‍പാലും കൂട്ടുകാരും. ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഓംബീറിന്റെ കുടുംബത്തില്‍ സമ്മര്‍ദ്ദം ചെലുത്തി കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം അമര്‍പാല്‍ ആരംഭിച്ചത്. കേസില്‍ ഓംബീറിന്റെ കുടുംബാംഗങ്ങള്‍ സാക്ഷികളാണ്.ഇത് പരാജയപ്പെട്ടതോടെ അയല്‍വാസിയെ കുടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സഹോദരന്‍ ഗുഡുവും ബന്ധുവുമായി ചേര്‍ന്നാണ് പദ്ധതി തയ്യാറാക്കിയത്.    തന്നെ ആക്രമിച്ചു എന്ന വ്യാജ കേസ് ഉണ്ടാക്കി ഓംബീറിന്റെ കുടുംബത്തെ കുടുക്കാനാണ ്അമര്‍ പാല്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. അമ്മയെ കൊലപ്പെടുത്തി എന്നതിന്റെ പേരില്‍ തന്നോട് പ്രതികാരം തീര്‍ക്കാന്‍ ഓംബീറിന്റെ കുടുംബം ശ്രമിക്കുന്നു എന്ന് ജനങ്ങളെ വിശ്വസിപ്പിക്കുകയായിരുന്നു പദ്ധതി. ഇതിനായി തോക്കും തിരകളും പ്രതി തരപ്പെടുത്തിയതായും പൊലീസ് പറയുന്നു.

ബന്ധുവായ അനിലിനെ കൊണ്ട് വെടിവയ്പിച്ച് ഇതിന്റെ ഉത്തരവാദിത്തം ഓംബീറിന്റെ കുടുംബത്തിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു പദ്ധതി. പരിക്ക് മാരകമാകാതിരിക്കാന്‍ പാകത്തിനുള്ള തോക്കും തിരകളുമാണ്് സംഘടിപ്പിച്ചത്. തുടര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്. 

സ്ഥിരമായി പോകുന്ന സ്ഥലത്ത് അമര്‍ പാല്‍ വെടിയേറ്റ നിലയില്‍ എത്തുകയും ജനങ്ങളോട് ഓംബീറിന്റെ കുടുംബമാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു. പദ്ധതി അനുസരിച്ച് വെടിവച്ച അനില്‍ സഹോദരന്‍ ഗുഡുവിനൊപ്പം സ്ഥലത്ത് നിന്ന് കടന്നുകളയുന്ന രീതിയിലായിരുന്നു പദ്ധതി. സംഭവത്തില്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. ഇവരുടെ അന്വേഷണത്തിലാണ് ഓംബീറിന്റെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കാന്‍ അമര്‍ പാല്‍ ആസൂത്രണം ചെയ്തതാണ് സംഭവമെന്ന് തിരിച്ചറിഞ്ഞത്. 

കേസിന് കൂടുതല്‍ ബലം കിട്ടാന്‍ ഓംബീറിന്റെ കുടുംബമാണ് ഇതിന് പിന്നിലെന്ന് അമര്‍പാലിന്റെ കുടുംബവും ആരോപിച്ചിരുന്നു. എന്നാല്‍ മൊഴിയില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അമര്‍പാല്‍ ചികിത്സയിലാണെന്ന് പൊലീസ് പറയുന്നു. കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com