ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കണം; രാഷ്ട്രപതിക്ക് പത്ത് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

ഭീമ കൊറോഗാവ് കേസില്‍ ജയിലില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷ കക്ഷിനേതാക്കളുടെ കത്ത്.
ചിത്രം: പിടിഐ
ചിത്രം: പിടിഐ



ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ജയിലില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷ കക്ഷിനേതാക്കളുടെ കത്ത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരദ് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍, ജെജെഎം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന്‍, ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബുള്ള, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരാണ് കത്തയച്ചത്.                

ഭീമ കൊറേഗാവ് കേസില്‍ തടവിലായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ ഇടപെടല്‍.

ഭീമ കൊറേഗാവ് കേസിലും രാഷ്ട്രീയ പ്രേരിതമായ മറ്റ് കേസുകളിലും അകപ്പെട്ട് യുഎപിഎ, രാജ്യദ്രോഹം എന്നിവ ചുമത്തി ജയിലിലടച്ചിരിക്കുന്നവരെ ജയില്‍മോചിതരാക്കണം. ഫാ. സ്റ്റാന്‍ സ്വാമിക്കെതിരെ കള്ളക്കേസ് ചുമത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ഭീമാ കൊറെഗാവ് കേസില്‍ വിചാരണ കാത്ത് കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി (84) ചൊവ്വാഴ്ചയാണ് കസ്റ്റഡിയില്‍ മരിച്ചത്. ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കിയ ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അന്ത്യം.

ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒക്ടോബറില്‍ റാഞ്ചിയില്‍നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തത്. യുഎപിഎ ചുമത്തി നവി മുംബൈയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് 28-ന് ബാന്ദ്രയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. കോവിഡ് സ്ഥിരീകരിച്ച് നില വഷളായി. ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com