ഡോ. ഹര്‍ഷ വര്‍ധന്‍/ഫയല്‍
ഡോ. ഹര്‍ഷ വര്‍ധന്‍/ഫയല്‍

ഹര്‍ഷവര്‍ധന്‍, സദാനന്ദ ഗൗഡ, രമേശ് പൊഖ്രിയാല്‍ പുറത്ത്; അടിമുടി മുഖംമിനുക്കാന്‍ മോദി മന്ത്രിസഭ, 43 പേര്‍ സത്യപ്രതിജ്ഞ ചെയ്യും

ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, രാസവളം മന്ത്രി സദാനന്ദ ഗൗഡ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക്, തൊഴില്‍ മന്ത്രി സന്തോഷ് ഗാംങ്വാര്‍ എന്നിവര്‍ പുനഃസംഘടനയ്ക്കു മുമ്പായി രാജിവച്ചു

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയില്‍ സീനിയര്‍ മന്ത്രിമാര്‍ക്കും സ്ഥാനനഷ്ടം. ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, രാസവളം മന്ത്രി സദാനന്ദ ഗൗഡ, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്ക്, തൊഴില്‍ മന്ത്രി സന്തോഷ് ഗാംങ്വാര്‍ എന്നിവര്‍ പുനഃസംഘടനയ്ക്കു മുമ്പായി രാജിവച്ചു. ഇന്നു വൈകിട്ട് ആറിനാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.

വനിതാ ശിശുക്ഷേമ മന്ത്രി ദേബശ്രീ ചൗധരി, മൃഗക്ഷേമ സഹമന്ത്രി പ്രതാപ സാരംഗി എന്നിവരും രാജിനല്‍കി. ആരോഗ്യ സഹമന്ത്രി അശ്വി ചൗബേയും വിദ്യാഭ്യാസ സഹമന്ത്രി സഞ്ജയ് ധോത്രെയും രാജിവച്ചതോടെ ഇരു മ്ന്ത്രാലയങ്ങളിലും പൂര്‍ണമായ മാറ്റത്തിനാണ് കളമൊരുങ്ങുന്നത്. പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോയും രാജി വച്ചു.

കാബിനറ്റ് മന്ത്രിമാരായി സ്ഥാനം ലഭിക്കുന്നവര്‍ ഉള്‍പ്പെടെ 43 പേര്‍ ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയാവും.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ മന്ത്രിസഭയില്‍ എത്തും. അസമില്‍നിന്നുള്ള സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍നിന്നുള്ള നാരായണ്‍ റാണെ എന്നിവരും കാബിനറ്റ് മന്ത്രിമാരാവും.

ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറിനു കാബിനറ്റ് പദവി നല്‍കുമെന്ന് സൂചനകളുണ്ട്. താക്കൂര്‍ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ജി കിഷന്‍ റെഡ്ഡി, ഹര്‍ദീപ് പുരി, പുരുഷോത്തം രൂപാല എന്നിവര്‍ക്കും സ്ഥാനക്കയറ്റം ലഭിക്കും.

ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, കര്‍ണാടകയില്‍നിന്നുള്ള ശോഭാ കരന്തലജെ എന്നിവര്‍ മന്ത്രിസഭയില്‍ ഇടം നേടും. അപ്‌നാ ദള്‍ നേതാവ് അനുപ്രിയ പട്ടേല്‍, കപില്‍ പാട്ടീല്‍, അജയ് ഭട്ട്, ഭൂപേന്ദര്‍ യാദവ്, പ്രീതം മുണ്ടെ, പരുപതി പരസ്, സുനിത ദുഗ്ഗല്‍, അശ്വിനി യാദവ്, ബിഎല്‍ വര്‍മ, ശന്തനു താക്കൂര്‍ എന്നിവരും ഇന്നു സത്യപ്രതിജ്ഞ ചെയ്യും. ജെഡിയുവില്‍നിന്ന് ആര്‍പി സിങ്, ലാലന്‍ സിങ് എന്നിവര്‍ മന്ത്രിമാരാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com