'ഹായ്' സന്ദേശത്തിൽ മനസ്സിടറി, ഹണിട്രാപ്പ് : യുവാവിൽ നിന്നും 30 ലക്ഷം കവർന്നു, യുവതി അടക്കം നാലുപേർ അറസ്റ്റിൽ

പണം നൽകിയില്ലെങ്കിൽ തനിഷയുമായുള്ള  ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

മംഗളൂരു: ഹണിട്രാപ്പിൽപ്പെടുത്തി യുവാവിനെ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ കവർന്ന കേസിൽ യുവതി അടക്കം നാലുപേർ അറസ്റ്റിൽ. ബണ്ട്വാൾ സ്വദേശിനി തനിഷ രാജ്, കൊട്ട്യാട് കട്ടപ്പുനി മുഹമ്മദ് ഷാഫി, സാവനൂർ അട്ടിക്കെരെയിലെ അസർ, മന്തൂർ അംബേദ്കർ ഭവനിലെ എം. നസീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 7.5 ലക്ഷം രൂപ കണ്ടെടുത്തതായി പുത്തൂർ പൊലീസ് അറിയിച്ചു. 

മുദ്‌നൂർ നെട്ടണികെ ബീച്ചഗഡ്ഡെയിലെ അബ്ദുൾ നസീറിന്റെ പരാതിയിലാണ് അറസ്റ്റ്. അഞ്ചുമാസം മുമ്പ് പരാതിക്കാരന്റെ വാട്സാപ്പിലേക്ക് തനിഷ രാജ് ’ഹായ്’ എന്ന സന്ദേശം അയച്ചു. തുടരെ മൂന്നുതവണ സന്ദേശം വന്നപ്പോൾ യുവാവ് മറുപടി അയച്ചു. തുടർന്ന് ഇവർ നിരന്തരം സന്ദേശങ്ങൾ അയയ്ക്കുകയും വീഡിയോ കോൾ വഴി സംസാരിക്കുകയും ചെയ്ത് സൗഹൃദം സ്ഥാപിച്ചു. 

പിന്നീട് നേരിട്ട് കാണാനായി ആളൊഴിഞ്ഞ സ്ഥലത്തെത്താൻ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. അതുപ്രകാരം അബ്ദുൾ നസീർ എത്തിയപ്പോൾ മറ്റ് അഞ്ചുപേർ എത്തുകയും 30 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ തനിഷയുമായുള്ള വീഡിയോകോളിലെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. 

രണ്ടുതവണകളായി 30 ലക്ഷം രൂപ യുവാവ് നൽകി. ഇതിനുശേഷം നസീർ തെളിവുസഹിതം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ കവർന്ന പണം കണ്ടെത്താൻ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായും പൊലീസ് സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com