ഭര്‍ത്താവ് തെരുവില്‍, വ്യാജ മരണസര്‍ട്ടിഫിക്കറ്റ് സൃഷ്ടിച്ച് ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടി; 45കാരിയായ ഭാര്യയും സുഹൃത്തും അറസ്റ്റില്‍

ഗുജറാത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് സൃഷ്ടിച്ച് ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത 45കാരിയും സുഹൃത്തും അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ ഭര്‍ത്താവിന്റെ പേരില്‍ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് സൃഷ്ടിച്ച് ലക്ഷങ്ങളുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്ത 45കാരിയും സുഹൃത്തും അറസ്റ്റില്‍. ഭര്‍ത്താവ് മരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി 18 ലക്ഷം രൂപയാണ് ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി.

കത്ത്വാഡ ജില്ലയിലാണ് സംഭവം. 45 വയസുള്ള നന്ദ മറാത്തിയും സുഹൃത്തും ഡോക്ടറുമായ ഹരികൃഷ്ണ സോണിയുമാണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. നന്ദ മറാത്തിയും നിമേഷ് മറാത്തിയും മൂന്ന് വര്‍ഷം മുന്‍പാണ് വേര്‍പിരിഞ്ഞത്. ജോലിയില്ലാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയാന്‍ 45കാരിയെ പ്രേരിപ്പിച്ചത്. 

2019ലാണ് നിമേഷിന്റെ പേരിലുള്ള വ്യാജ മരണസര്‍ട്ടിഫിക്കറ്റ് നന്ദ മറാത്തി ഉണ്ടാക്കിയത്. വിവരം അറിഞ്ഞ നിമേഷ് മറാത്തി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മധ്യപ്രദേശ് സ്വദേശിയായ നിമേഷ് 20 വര്‍ഷം മുന്‍പാണ് നന്ദയെ വിവാഹം ചെയ്തത്. ഇരുവര്‍ക്കുമായി രണ്ടു പെണ്‍മക്കളാണ് ഉള്ളത്. ഇരുവരുടെയും വിവാഹം കഴിഞ്ഞു.തന്റെ പേരില്‍ ഒന്നിലധികം ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരുന്നതായി നിമേഷ് പരാതിയില്‍ പറയുന്നു. 

2018ലാണ് ജോലിയില്ലാത്തതിന്റെ പേരില്‍ വേര്‍പിരിഞ്ഞ് താമസിക്കാന്‍ നന്ദ തീരുമാനിച്ചു. തന്നോട് സ്വദേശത്തേയ്ക്ക് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടു. നന്ദ പെണ്‍മക്കളുമായി മാറി താമസിക്കാനും തീരുമാനിച്ചു. അഹമ്മദാബാദില്‍ വീട്ടുവാടക കൊടുക്കാന്‍ പണം ഇല്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് തന്നോട് സ്വദേശത്തേയ്ക്ക് പോകാന്‍ ഭാര്യ ആവശ്യപ്പെട്ടതെന്ന് നിമേഷ് പരാതിയില്‍ പറയുന്നു. 


ആറുമാസത്തിന് ശേഷം താന്‍ അഹമ്മദാബാദിലേക്ക് തന്നെ തിരികെ വന്നു. എന്നാല്‍ ഭാര്യ മകളുടെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. തെരുവില്‍ കഴിയാന്‍ താന്‍ നിര്‍ബന്ധിതനായി. 2019ലാണ് തന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക ഭാര്യ തട്ടിയെടുത്തതായി അറിയുന്നത്. താന്‍ മരിച്ചുപോയെന്ന് കാണിച്ച് വ്യ്ാജ മരണസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയതെന്നും നിമേഷ് പറയുന്നു. നന്ദയെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കാന്‍ സഹായിച്ചത് ഹരികൃഷ്ണയാണെന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com