കിറ്റെക്‌സിനു പിന്തുണയുമായി കേന്ദ്രമന്ത്രി; കര്‍ണാടകയിലേക്കു സ്വാഗതം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2021 11:58 AM  |  

Last Updated: 10th July 2021 12:02 PM  |   A+A-   |  

union minister rajeev chandrasekhar spoke to sabu m jacob

രാജീവ് ചന്ദ്രശേഖര്‍, സാബു എം ജേക്കബ്/ഫയല്‍

 

കൊച്ചി: കിറ്റെക്‌സിനെ കര്‍ണാടകയിലേക്കു സ്വാഗതം ചെയ്ത് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. കിറ്റെക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.

''സാബു ജേക്കബുമായി സംസാരിച്ചു. കേരളത്തില്‍ ആയിരക്കണക്കിനു പേര്‍ക്കു തൊഴില്‍ നല്‍കുന്ന അദ്ദേഹത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കര്‍ണാടകയില്‍ നിക്ഷേപമിറക്കുന്നതിന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയുടെ പിന്തുണയോടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്'' രാജീവ് ചന്ദ്രശേഖരന്റെ ട്വീറ്റില്‍ പറയുന്നു.

കിറ്റെക്‌സ് തെലങ്കാനയില്‍ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേറിന്റെ വാഗ്ദാനം. കിറ്റെക്‌സ് എംഡി സാബു എം ജേക്കബും സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം തെലങ്കാന വ്യവസായ മന്ത്രി കെടി രാമറാവുവാണ് സംസ്ഥാനത്തു നിക്ഷേപമിറക്കുന്ന കാര്യം അറിയിച്ചത്. ചര്‍ച്ച വിജയകരമെന്നും ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റെക്‌സ് തെലങ്കാനയില്‍ രംഗപ്രവേശനം ചെയ്യുമെന്നും മന്ത്രി രാമറാവു ട്വിറ്ററിലൂടെ അറിയിച്ചു.

ഹൈദരാബാദില്‍ നിന്നും 150 കിമീ അകലെയുള്ള വാറങ്കല്‍ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലാണ് കിറ്റക്‌സ് ടെക്‌സ്‌റ്റൈല്‍ അപ്പാരല്‍ പ്രോജക്ട് തുടങ്ങുക. രണ്ടു വര്‍ഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേര്‍ക്ക് ഇതുവഴി തൊഴില്‍ നല്‍കാനാകുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് അറിയിച്ചു.

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതികളില്‍ നിന്ന് പിന്‍മാറുന്നെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കിറ്റെക്‌സിന് തെലങ്കാനയില്‍ നിന്ന് ക്ഷണം ലഭിച്ചത്. മറ്റു സംസ്ഥാനങ്ങളും കിറ്റെക്‌സിനെ ക്ഷണിച്ചിരുന്നു.