തമിഴ്‌നാടിനെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കാന്‍ ബിജെപി നീക്കമെന്ന് റിപ്പോര്‍ട്ട്; പ്രതിഷേധം

മിഴ് ദിനപത്രങ്ങളിലെ വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു
ഡിഎംഡികെ നടത്തിയ പ്രതിഷേധത്തില്‍ നിന്ന്/ട്വിറ്റര്‍
ഡിഎംഡികെ നടത്തിയ പ്രതിഷേധത്തില്‍ നിന്ന്/ട്വിറ്റര്‍


ചെന്നൈ: തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുമേഖലയെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. തമിഴ് ദിനപത്രങ്ങളിലെ വാര്‍ത്തയ്ക്ക് പിന്നാലെ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു. ഈറോഡില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പത്രങ്ങള്‍ തമിഴ് സംഘടനകള്‍ കത്തിച്ചു. കേന്ദ്രം വിശദീകരണം നല്‍കണമെന്ന് ഡിഎംഡികെ ആവശ്യപ്പെട്ടു. 

കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയെ പ്രത്യേക കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുമെന്നാണ് തമിഴ് ദിനപത്രങ്ങളിലെ റിപ്പോര്‍ട്ട്. കൊങ്കുമേഖലയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി എല്‍ മുരുകന് ഇതിന്റെ ചുമതല നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്‍ മുരുകനെ കൊങ്കുനാട്ടില്‍ നിന്നുള്ള മന്ത്രിയെന്നും പുതിയ അധ്യക്ഷന്‍ അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബിജെപി വിശേഷിപ്പിച്ചിരുന്നത്. കൊങ്കുനാടിന് കീഴില്‍ നിലവില്‍ പത്തു ലോക്‌സഭാ മണ്ഡലങ്ങളും, 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങള്‍ കൂടി ചേര്‍ത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാന്‍ ചര്‍ച്ച നടന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് നീക്കമെന്നും തമിഴ് ദിനപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

വിഷയത്തില്‍ പ്രതികരണവുമായി ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ രംഗത്തുവന്നിട്ടുണ്ട്. കേന്ദ്രത്തിന്റെ കുതന്ത്രങ്ങളെ തോല്‍പ്പിക്കാന്‍ രാഷ്ട്രീയ അതിരുകള്‍ ഭേദിച്ച് ജനങ്ങള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് സിപിഐയും സിപിഎമ്മും ആവശ്യപ്പെട്ടു.

കൊങ്കുനാട് സൃഷ്ടിക്കാനുള്ള ശ്രമം കടുവയുടെ വാലില്‍ പിടിച്ചു വലിക്കുന്നത് തുല്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി മുത്തരസന്‍ പറഞ്ഞു. ജമ്മു കശ്മീരിനെ വിഘടിച്ചതുപോലുള്ള നീക്കമാണ് ഇപ്പോള്‍ കേന്ദ്രം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഒത്തൊരുമയോടെ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.  

പുറം വാതിലിലൂടെ തമിഴ്‌നാട്ടില്‍ പ്രവേശിക്കാനാണ് ബിജെപി നീക്കമെങ്കില്‍ അതിന്റെ പരിണതഫലം അവര്‍ അനുഭവിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com