'കാലാവസ്ഥ പ്രവചനം' പോലെ നിസാരമായി കാണരുത്, മൂന്നാം തരംഗ മുന്നറിയിപ്പിനെ ഗൗരവമായി എടുക്കണം: കേന്ദ്രസര്‍ക്കാര്‍ 

കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം സംബന്ധിച്ച മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണണമെന്ന് കേന്ദ്രസര്‍ക്കാര്‍. കാലാവസ്ഥ പ്രവചനം പോലെ ജനങ്ങള്‍ വിഷയത്തെ ലഘൂകരിച്ച് കാണരുതെന്നും കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വന്നാല്‍ മൂന്നാം തരംഗം ഉണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിനെ  പ്രധാനമന്ത്രി വിമര്‍ശിച്ചു. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

കാലാവസ്ഥ പ്രവചനം പോലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളെ സാധാരണമട്ടില്‍ കാണുന്നവര്‍ നിരവധിപ്പേരുണ്ട്. എന്നാല്‍ കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പുകളെ ഗൗരവത്തോടെ തന്നെ കാണണം. ജയിലില്‍ കിടക്കുന്ന പോലെയാണ് തോന്നുന്നത് എന്നാണ് ചിലര്‍ പറയുന്നത്. അതുകൊണ്ടാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ മൂന്നാംതരംഗ മുന്നറിയിപ്പിനെ നിസാരവത്കരിച്ച് കാണരുതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞാഴ്ച ഹിമാചല്‍ പ്രദേശില്‍ അടക്കം വിനോദസഞ്ചാരികള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പുറത്തുവന്നിരുന്നു. ഇത് ഞെട്ടിപ്പിക്കുന്നതാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയിലാണ് മോദിയുടെ മുന്നറിയിപ്പ്. 

രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് ആളുകള്‍ കൂട്ടമായി എത്തുന്നതിനെ  പ്രധാനമന്ത്രി വിമര്‍ശിച്ചു. വിനോദസഞ്ചാരമേഖലയെയും വ്യാപാരത്തെയുമെല്ലാം കോവിഡ് പ്രതികൂലമായി ബാധിച്ചു എന്നുളളത് സത്യമാണ്. എന്നാല്‍ ഹില്‍ സ്റ്റേഷനുകളിലും മാര്‍ക്കറ്റുകളിലുമെല്ലാം മാസ്‌ക് ധരിക്കാതെ ആളുകള്‍ കൂട്ടം കൂടുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

'മൂന്നാംതരംഗം എപ്പോഴാണ് രൂക്ഷമാകുക, അതിന് മുമ്പ് യാത്ര പോയി ആസ്വദിച്ച് മടങ്ങിവരാം എന്നു ചിന്തിക്കരുത്.  നിലവിലെ സാഹചര്യത്തെ കുറിച്ച് ചിന്തിക്കുകയും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മൂന്നാംതരംഗത്തെ പ്രതിരോധിക്കുകയും വേണം. ഹില്‍ സ്റ്റേഷനുകളില്‍ കാണുന്ന ആള്‍ക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണ്. ജാഗ്രതയില്‍ അലംഭാവം കാണിക്കരുത്.' -പ്രധാനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com