ഭാര്യയെ പാഠം പഠിപ്പിക്കണം, പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിര്‍മ്മിച്ച വീട് വിറ്റ് യുവാവ്; അന്വേഷണം 

ഉത്തര്‍പ്രദേശില്‍ ഭാര്യയെ പാഠം പഠിപ്പിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിച്ച വീട് വിറ്റ് യുവാവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭാര്യയെ പാഠം പഠിപ്പിക്കാന്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അനുവദിച്ച വീട് വിറ്റ് യുവാവ്. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ വന്നതോടെ ഭാര്യയും കുട്ടികളും വീട് വിട്ട് സ്വന്തം വീട്ടില്‍ പോയി താമസം തുടങ്ങിയിരുന്നു. തിരികെ വീട്ടിലേക്ക് വരാന്‍ വിസമ്മതം കാണിച്ച ഭാര്യയെ പാഠം പഠിപ്പിക്കാന്‍ വേണ്ടിയാണ് ഭര്‍ത്താവ് വീട് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വീട് തിരികെ ലഭിക്കുന്നതിന് വേണ്ടി ഭാര്യ ജില്ലാ അധികൃതരെ സമീപിച്ചു.

കനൗജ് ജില്ലയിലാണ് സംഭവം.2016ലാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ആശാറാം ദോരെ വീടിന് വേണ്ടി അപേക്ഷിച്ചത്. വീട് പണിയുന്നതിന് 1.20 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇതനുസരിച്ച് പണിത വീടാണ് വിറ്റത്. ഇത് തിരികെ ലഭിക്കുന്നതിന് വേണ്ടിയാണ് ഭാര്യ കാഞ്ചന്‍ ദേവി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.

2011ലായിരുന്നു ഇരുവരുടെയും വിവാഹം. മദ്യപിച്ച് വന്ന് സ്ഥിരമായി തന്നെയും മകനെയും തല്ലാറുണ്ടെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഉപദ്രവം സഹിക്കാന്‍ വയ്യാതെ വന്നതോടെ വീട് വിട്ടിറങ്ങിയ താനും മകനും സ്വന്തം വീട്ടില്‍ താമസം ആരംഭിക്കുകയായിരുന്നുവെന്ന് കാഞ്ചന്‍ ദേവി പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഭാര്യയെയും മകനെയും വിശ്വാസത്തിലെടുത്ത് വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ശ്രമിച്ച് വരികയായിരുന്നു ആശാറാം.  എന്നാല്‍ ഈ ആവശ്യം യുവതി നിരസിച്ചു. ഭാര്യയെ ഒരു പാഠം പഠിപ്പിക്കുന്നതിന് വേണ്ടിയാണ് വീട് വില്‍ക്കാന്‍ ആശാറാം തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രദേശത്തുള്ള താമസക്കാരന് രണ്ടുലക്ഷം രൂപയ്ക്കാണ് വീട് വിറ്റത്. ഇക്കാര്യം അറിഞ്ഞ കാഞ്ചന്‍ ദേവി വീടിന്റെ ഉടമസ്ഥാവകാശം തിരികെ ലഭിക്കുന്നതിന് ജില്ലാ അധികാരികളെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com