കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ; 16 ന് മുഖ്യമന്ത്രിമാരുടെ യോഗം 

'മൂന്നാംതരംഗം എപ്പോഴാണ് രൂക്ഷമാകുക, അതിന് മുമ്പ് യാത്ര പോയി ആസ്വദിച്ച് മടങ്ങിവരാം എന്നു ജനങ്ങള്‍ ചിന്തിക്കരുത്'
പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി : കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ മാസം 16 ന് രാവിലെ 11 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. കേരളം അടക്കം കോവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കാണ് ക്ഷണം. കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വടക്കുകിഴക്കന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം ഇപ്പോഴും രൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയും കേരളവും. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് കേരളത്തില്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളിലാണ്. മഹാരാഷ്ട്രയിലും കോവിഡ് കേസുകളില്‍ വര്‍ധനവുണ്ടാകുന്നുണ്ട്. ഇതു പരിഗണിച്ച് കോവിഡ് കേസുകള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദഗ്ധ സംഘത്തെ അയച്ചിരുന്നു.

കോവിഡ് പ്രതിരോധത്തില്‍ വീഴ്ച വന്നാല്‍ മൂന്നാം തരംഗമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കി.  മാസ്‌ക് ധരിക്കാതെ ആളുകള്‍ ഹില്‍ സ്‌റ്റേഷനുകളിലേക്ക് യാത്ര നടത്തുന്നതും മാര്‍ക്കറ്റില്‍ കൂട്ടം കൂടുന്നതും അംഗീകരിക്കാനാകില്ല. ഹില്‍ സ്‌റ്റേഷനുകളില്‍ കാണുന്ന ആള്‍ക്കൂട്ടം ആശങ്കയുണ്ടാക്കുന്നതാണ്.

മൂന്നാംതരംഗം എപ്പോഴാണ് രൂക്ഷമാകുക, അതിന് മുമ്പ് യാത്ര പോയി ആസ്വദിച്ച് മടങ്ങിവരാം എന്നു ജനങ്ങള്‍ ചിന്തിക്കരുത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല.പ്രതിരോധത്തിലെ വീഴ്ചകളാണ് വെല്ലുവിളികളായത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി മൈക്രോ ലെവലില്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കോവിഡ് വ്യാപനത്തിന്റെ മൂന്നാംതരംഗം സംഭവിക്കാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com