'വാങ്ങിയ പരീക്ഷാ ഫീസ് മടക്കി നല്‍കണം'; എട്ടാഴ്ചയ്ക്കകം സിബിഎസ്ഇ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

'വാങ്ങിയ പരീക്ഷാ ഫീസ് മടക്കി നല്‍കണം'; എട്ടാഴ്ചയ്ക്കകം സിബിഎസ്ഇ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫീസ് മടക്കി നല്‍കുന്ന കാര്യത്തില്‍ എട്ട് ആഴ്ചയ്ക്കകം തീരുമാനമെടുക്കാന്‍ സിബിഎസ്ഇക്കു ഡല്‍ഹി ഹൈക്കോടതിയെ നിര്‍ദേശം. 

കോവിഡ് മഹാമാരി മൂലം ഇത്തവണ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ പരീക്ഷ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ പരീക്ഷാ ഫീസ് മടക്കിനല്‍കാന്‍ നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി ദീപാ ജോസഫ് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിര്‍ദേശം. 2100 രൂപയാണ് പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാവായ ദീപ ഫീസ് അടച്ചത്. ദീപയുടെ ഹര്‍ജി നിവേദനമായി കണക്കാക്കി തീരുമാനമെടുക്കാനാണ് ജസ്റ്റിസ് പ്രതീക് ജലാന്റെ നിര്‍ദേശം.

സിബിഎസ്ഇ എടുക്കുന്ന തീരുമാനം തൃപ്തികരമല്ലെങ്കില്‍ കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്ന് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് ബെഞ്ച് വ്യക്തമാക്കി. 

പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ ഫീസ് ആയി വാങ്ങിയ തുകയില്‍ ഒരു ഭാഗമെങ്കിലും തിരിച്ചുനല്‍കേണ്ടതാണെന്ന് ഹര്‍ജിക്കാരി വാദിച്ചു. സ്‌കൂളുകളാണ് ഇത്തവണ മാര്‍ക്ക് കണക്കാക്കി അപ്ലോഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സിബിഎസ്ഇയുടെ റോള്‍ കുറഞ്ഞിട്ടുണ്ടെന്ന് ഹര്‍ജിക്കാരിക്കു വേണ്ടി അഡ്വ. റോബിന്‍ രാജു പറഞ്ഞു. എന്നാല്‍ സിബിഎസ്ഇ ഒന്നും ചെയ്യുന്നില്ലെന്ന വാദത്തോടു യോജിക്കാനാവില്ലെന്ന് കോടതി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com