രണ്ട് കണ്ണും കാണില്ല; യുപിയില്‍ നിന്ന് കണ്ടെത്തിയ തെരുവ് നായ 'ഷെറി'യ്ക്ക് ഇനി അമേരിക്കയില്‍ സുരക്ഷിത ജീവിതം

രണ്ട് കണ്ണും കാണില്ല; യുപിയില്‍ നിന്ന് കണ്ടെത്തിയ തെരുവ് നായ 'ഷെറി'യ്ക്ക് ഇനി അമേരിക്കയില്‍ സുരക്ഷിത ജീവിതം
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

ലഖ്‌നൗ: മൃഗ സ്‌നേഹിയായ യുവതിയുടെ ആത്മാര്‍ത്ഥമായ ഇടപെടല്‍ രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ലാത്ത തെരുവു നായയ്ക്ക് നല്‍കിയത് പുതിയ ജീവിതം. ഉത്തര്‍പ്രദേശിലെ ജാന്‍സിയില്‍ നിന്ന് മിനി ഖേര എന്ന 29കാരി കണ്ടെടുത്ത 'ഷെറി' എന്ന നായയ്ക്ക് ഇനി അമേരിക്കയില്‍ സുരക്ഷിത ജീവിതം. 

എംബിഎക്കാരിയായ മിനി ഖേര ജീവ് ആശ്രയ് സമിതി എന്ന എന്‍ജിഒയുടെ പ്രവര്‍ത്തകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കണ്ണുകാണാത്ത നായ മൃതപ്രായനായി ഗ്വാളിയോര്‍ റോഡില്‍ കിടക്കുന്നതായി വിവരം ലഭിക്കുന്നത്. പിന്നാലെ ഇവിടെയെത്തിയ മിനിയും സംഘവും മുഖം മുഴുവന്‍ പരിക്കുകള്‍ ഏറ്റു കിടക്കുന്ന ഷെറിയെ കണ്ടെത്തി. ഇവിടെ നിന്ന് വെറ്ററിനറി ഡോക്ടറുടെ അടുത്ത് ഷെറിയെ എത്തിച്ച് മിനിയും സംഘവും അതിനെ രക്ഷപ്പെടുത്തി. മുറിവുകള്‍ ചികിത്സിച്ച് ഭേദമാക്കി. 

'ഷെറിയെ രക്ഷിച്ചെങ്കിലും അവളുടെ പിന്നീടുള്ള സുരക്ഷയും ജീവിതവും ഞങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരുന്നു. അവള്‍ക്ക് സ്ഥിരമായി ഒരു സുരക്ഷിത താവളം കണ്ടെത്താനാണ് പിന്നീട് ഞങ്ങള്‍ ശ്രമിച്ചത്'. 

ഷെറിയെ ദത്തെടുക്കാന്‍ ആര്‍ക്കെങ്കിലും താത്പര്യമുണ്ടോ എന്ന് മിനി സാമൂഹിക മാധ്യമങ്ങള്‍ വഴി അന്വേഷണം ആരംഭിച്ചു. ഡല്‍ഹിയിലുള്ള വെറ്ററിനറി ഡോക്ടര്‍ പ്രമീള ചൗധരി ഷെറിയ്ക്കായി രംഗത്തെത്തി. ഇവര്‍ അമേരിക്കയിലെ പെന്‍സില്‍വാനിയ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന തെരുവു നായ്ക്കളെ പുനരധിവസിപ്പിക്കുന്ന എന്‍ജിഒയിലെ അംഗമായ ഹെലന്‍ ബ്രൗണുമായി ബന്ധപ്പെട്ടു. അവര്‍ ഷെറിയെ ദത്തെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. 

പിന്നാലെ കൂടുതല്‍ ചികിത്സ നടത്തി പൂര്‍ണ ആരോഗ്യത്തോടെ ഷെറിയെ അമേരിക്കയിലേക്ക് അയച്ചു. തിങ്കളാഴ്ചയോടെ ഷെറിയുടെ ദത്തെടുക്കല്‍ ഔദ്യോഗികമായി. ഇനി ഷെറി അല്ലലിലാതെ അമേരിക്കയില്‍ കഴിയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com