ദമ്പതികള്‍ക്ക് കടലാസ് നോട്ടുകള്‍ നല്‍കി, വീട്ടിലെത്തി രാസവസ്തു തേച്ചാല്‍ 'ഒറിജിനലാകും', 40 ലക്ഷം തട്ടി; തട്ടിപ്പിന്റെ പുതിയ കഥ

കടംവീട്ടാന്‍ വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിതരായ ഹൈദരാബാദ് ദമ്പതികളില്‍ നിന്ന്  സൈബര്‍ തട്ടിപ്പുകാരന്‍ തട്ടിയെടുത്തത് 40.38 ലക്ഷം രൂപ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: കടംവീട്ടാന്‍ വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിതരായ ഹൈദരാബാദ് ദമ്പതികളില്‍ നിന്ന്  സൈബര്‍ തട്ടിപ്പുകാരന്‍ തട്ടിയെടുത്തത് 40.38 ലക്ഷം രൂപ. വൃക്ക നല്‍കിയാല്‍ അഞ്ചു കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതാണ് തട്ടിപ്പ് നടത്തിയത്. പ്രോസസിംഗ് ചാര്‍ജ്ജിനും മറ്റുമായി പണം ആവശ്യപ്പെട്ടാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.ദമ്പതികള്‍ ബുധനാഴ്ച സൈബര്‍ ക്രൈം പൊലീസില്‍ പരാതിപ്പെട്ടു. 

മോദി വെങ്കിടേഷും ഭാര്യ ലാവണ്യയുമാണ് തട്ടിപ്പിന് ഇരയായത്. ദമ്പതികള്‍ ഹൈദരാബാദില്‍ സ്റ്റേഷനറി കടയും വള കടയും നടത്തി വരികയായിരുന്നു. ബിസിനസ് ആവശ്യത്തിനായി എല്‍ഐസി ഹൗസിംഗ് ഫിനാന്‍സില്‍ നിന്ന് 34 ലക്ഷം രൂപയും മറ്റൊരു സ്ഥാപനത്തില്‍ നിന്ന് 10 ലക്ഷം രൂപയും കടമെടുത്ത് ഇവര്‍ നാലുനില കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങി. ഒരു ഘട്ടത്തില്‍ നിര്‍മ്മാണ ചെലവ് ഒരു കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണം ബിസിനസിനെ മോശമായി ബാധിക്കുകയും കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്തു.

തുടര്‍ന്ന് വായ്പ തിരിച്ചടയ്ക്കാന്‍ വൃക്ക വില്‍ക്കാന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു. വൃക്ക വാങ്ങുന്നവരെ കണ്ടെത്താന്‍ ദമ്പതികള്‍ ഗൂഗിളില്‍ തിരച്ചില്‍ നടത്തി. ഒടുവില്‍ അവര്‍ തട്ടിപ്പിന് ഇരയാകുകയായിരുന്നു. ബ്രിട്ടനിലെ ആശുപത്രിലെ ജീവനക്കാരനാണ് എന്ന് സ്വയം പരിചയപ്പെടുത്തി എത്തിയയാള്‍ അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തു. പ്രോസസിംഗ് ചാര്‍ജ്, രജിസ്‌ട്രേഷന്‍ ചാര്‍ജ് എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ക്ക് വിവിധ ബാങ്കുകളില്‍ 26 ലക്ഷം രൂപ നിക്ഷേപിക്കാന്‍ തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു. ദമ്പതികളെ വിശ്വാസത്തിലെടുക്കുന്നതിന് വേണ്ടി റിസര്‍വ് ബാങ്കിന്റെ ലോഗോ അടങ്ങിയ വെബ്‌പേജ് ലിങ്ക് അയച്ചുകൊടുത്തു. വ്യാജ അക്കൗണ്ട് കാണിച്ച് മുന്‍കൂര്‍ പണം കൈമാറിയതായും വിശ്വസിപ്പിച്ചു. കൂടുതല്‍ വിശ്വാസം ആര്‍ജ്ജിക്കുന്നതിന് വേണ്ടി ദമ്പതികളെ കാണുന്നതിന് സഹായിയെ തട്ടിപ്പുകാരന്‍ ബംഗളൂരുവിലേക്ക് പറഞ്ഞയച്ചതായും പരാതിയില്‍ പറയുന്നു.  ബംഗളൂരുവില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. 

ബംഗളൂരുവിലെ ലോഡ്ജില്‍ വച്ച് കറന്‍സി നോട്ടുകള്‍ക്ക് സമാനമായ വലിപ്പമുള്ള കറുത്ത കടലാസ് കഷ്ണങ്ങള്‍ അടങ്ങിയ സ്യൂട്ട് കേസ് കാണിച്ചു.നോട്ടുകള്‍ എന്തുകൊണ്ടാണ് കറുത്ത് ഇരിക്കുന്നതെന്ന് ദമ്പതികള്‍ ചോദിക്കുകയും ചെയ്തിരുന്നു. എല്ലാ നോട്ടുകളും റിസര്‍വ് ബാങ്കില്‍ നിന്ന് എത്തുന്നതാണെന്നും രാസവസ്തുക്കള്‍ ഉപയോഗിച്ച് നോട്ട് വൃത്തിയാക്കേണ്ടതുണ്ടെന്നും തട്ടിപ്പുകാര്‍ മറുപടി നല്‍കി. ചില നോട്ടുകള്‍ വൃത്തിയാക്കി ദമ്പതികളെ കാണിക്കുകയും ചെയ്തു. തുടര്‍ന്ന് ദമ്പതികളുടെ പണം ഒരു പാക്കറ്റില്‍ പൊതിഞ്ഞ് കൈമാറുകയും ചെയ്തു. 48 മണിക്കൂര്‍ നേരത്തേയ്ക്ക് ഈ പൊതി തുറക്കരുതെന്ന് തട്ടിപ്പുകാര്‍ ദമ്പതികളോട് പറഞ്ഞിരുന്നു. എന്നാല്‍ ഹൈദരാബാദില്‍ തിരിച്ചെത്തി പായ്ക്കറ്റ് തുറന്നപ്പോള്‍ വ്യാജ നോട്ടുകളാണ് കണ്ടെത്തിയത്.

വൃക്ക ദാനത്തിന്റെ പേരില്‍ വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് 40 ലക്ഷത്തോളം രൂപയാണ് തട്ടിപ്പുകാര്‍ ദമ്പതികളില്‍ നിന്ന് വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തട്ടിപ്പുകാര്‍ ഫോണ്‍ കോളുകള്‍ എടുക്കാതെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വച്ചിരിക്കുകയാണ്. ഇതോടെയാണ് ദമ്പതികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com