കോവിഡ് ഭീകരത, പൗരത്വ പ്രതിഷേധത്തിന് നേരെ ചൂണ്ടിയ തോക്ക്; ഡാനിഷ് സിദ്ദിഖിയുടെ ക്യാമറ കണ്ടത്; മരിക്കുന്നതിന് മുന്‍പ് പങ്കുവച്ചത് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കഥ

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ചിത്രം രാജ്യത്ത് വലിയ ചര്‍ച്ചയായി
ഡാനിഷ് സിദ്ദിഖി പകര്‍ത്തിയ കോവിഡ് ബാധിച്ച് മരിച്ചവരെ കൂട്ടത്തോടെ ദഹിപ്പിക്കുന്നതിന്റെ ചിത്രം
ഡാനിഷ് സിദ്ദിഖി പകര്‍ത്തിയ കോവിഡ് ബാധിച്ച് മരിച്ചവരെ കൂട്ടത്തോടെ ദഹിപ്പിക്കുന്നതിന്റെ ചിത്രം


ന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ ഭീകരത തുറന്നുകാട്ടിയ ചിത്രങ്ങള്‍, പൗരത്വ നിയമപ്രതിഷേധം, കര്‍ഷക പ്രക്ഷോഭം, ലോക്ക്ഡൗണില്‍ വലഞ്ഞ ഇന്ത്യന്‍ ജനതയുടെ ദയനീയ മുഖങ്ങള്‍, റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ജീവിത ദുരിതം, 2015ലെ നേപ്പാള്‍ ഭൂകമ്പം... അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദിഖിയുടെ ക്യാമറ പകര്‍ത്തിയെടുത്ത് ലോകത്തിന് മുന്നിലെത്തിച്ച നിരവധി മനുഷ്യ പ്രശ്‌നങ്ങളില്‍ ചിലതാണ് ഇവയെല്ലാം. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ തീരാനോവ് വ്യക്തമാക്കിയ ചിത്രത്തിന് 2018ല്‍ പുലിറ്റ്‌സര്‍ പ്രൈസ് തേടിയെത്തി.

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന്റെ ചിത്രം രാജ്യത്ത് വലിയ ചര്‍ച്ചയായി. 'ഇന്ത്യയുടെ തലസ്ഥാനത്തെ മരണപ്രളയത്തിന്റെ അടയാളമാണിത്' എന്നാണ് ചിത്രവും വാര്‍ത്തയും പങ്കുവെച്ച് ഡാനിഷ് അന്ന് പറഞ്ഞത്.

പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം നടത്തിയ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തോക്കുചൂണ്ടി ആക്രമിക്കാന്‍ ശ്രമിച്ച ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ ചിത്രവും ഡാനിഷ് പകര്‍ത്തി.

റോയിട്ടേഴ്‌സ് ചീഫ് ഫോട്ടോ ജേര്‍ണലിസ്റ്റായിരുന്ന അദ്ദേഹം, അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് യുദ്ധമേഖലയിലേക്ക് പോയത്. അമേരിക്കന്‍ സേന പിന്‍മാറിയതിന് പിന്നാലെ, താബിബാന്‍ ശക്തിപ്രാപിക്കുന്ന അഫ്ഗാനില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്. യുദ്ധരംഗത്തെ ഭീകര വിവരിക്കുന്ന നിരവധി ചിത്രങ്ങളും റിപ്പോര്‍ട്ടുകളും അദ്ദേഹം ട്വിറ്റററില്‍ പങ്കുവച്ചിട്ടുണ്ട്. 

പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന അഫ്ഗാന്‍ മേഖലയിലാണ് ഡാനിഷ് ഉണ്ടായിരുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സൈന്യത്തിനൊപ്പമാണ് താന്‍ സഞ്ചരിക്കുന്നത് എന്ന് വ്യക്തമാക്കി സിദ്ദിഖി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. താന്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം നടന്നതിന്റെയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ദൃശ്യവും സിദ്ദിഖി ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. 

ടിവി ജേര്‍ണലിസ്റ്റായി മാധ്യമ മേഖലയിലേക്ക് കടന്നുവന്ന സിദ്ദിഖി, പിന്നീട് ഫോട്ടോഗ്രാഫിയിലേക്ക് തിരിയുകയായിരുന്നു. ഹോങ്കോങ് ജനാധിപത്യ പ്രതിഷേധം, ഇറാഖിലെ ഐഎസ്എസ് അക്രമങ്ങള്‍ എന്നിവയും നാല്‍പ്പത്തിയൊന്നുകാരനായ സിദ്ദിഖി കാമറയില്‍ പകര്‍ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com