ഒടിപി കൈമാറിയപ്പോള്‍ പണം പോയി, തിരിച്ചിടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, വീണ്ടും 'ചതിക്കുഴി'; പിസ ഓര്‍ഡര്‍ ചെയ്തപ്പോള്‍ നഷ്ടമായത് 65,000 രൂപ 

മഹാരാഷ്ട്രയില്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ സൈബര്‍ തട്ടിപ്പിന് ഇരയായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ സൈബര്‍ തട്ടിപ്പിന് ഇരയായി. ഓണ്‍ലൈനില്‍ പിസ ഓര്‍ഡര്‍ ചെയ്ത 59കാരന് 65,000 രൂപയാണ് നഷ്ടമായത്.പിസ ഷോപ്പ് മാനേജര്‍ എന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്.

പിസ ഓര്‍ഡര്‍ ചെയ്യാന്‍ ഗൂഗിളില്‍ തിരഞ്ഞ ബിസിനസുകാരനാണ് പണം നഷ്ടമായത്. ഫ്രാന്‍സിസ്‌കോ പിസ എന്ന പേര് ശ്രദ്ധയില്‍പ്പെട്ട 59കാരന്‍, അതില്‍ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു. ഫോണ്‍ എടുത്തയാള്‍ മറ്റൊരാരു നമ്പറില്‍ നിന്ന് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. പിസ ഷോപ്പ് മാനേജര്‍ എന്ന പേരില്‍ പിന്നീട് വിളിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

പണം അടയ്ക്കുന്നതിന് തട്ടിപ്പുകാരന്‍ വ്യാജ ലിങ്ക് അയച്ചു. വിശദാംശങ്ങള്‍ രേഖപ്പെടുത്തിയതിന് പിന്നാലെയാണ് പണം നഷ്ടമായത്. ഒടിപി അടക്കമുള്ള വിവരങ്ങള്‍ നല്‍കിയതിന് പിന്നാലെ 20,000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി മെസേജ് ലഭിച്ചു. ഒരു പിസയ്ക്ക് 20000 രൂപ ഈടാക്കിയത് ചോദ്യം ചെയ്ത് ബിസിനസുകാരന്‍ ഫോണ്‍ നമ്പറിലേക്ക് വിളിച്ചു. തെറ്റ് പറ്റിയതാണെന്നും മറ്റൊരു ഒടിപി നമ്പര്‍ ഇപ്പോള്‍ വരുമെന്നും അത് കൈമാറാനും തട്ടിപ്പുകാരന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് 20,000 രൂപ കൂടി നഷ്ടപ്പെട്ടതായി ബിസിനസുകാരന്റെ പരാതിയില്‍ പറയുന്നു. പിന്നീടും സമാനമായ തട്ടിപ്പുകള്‍ നടന്നതോടെ 65000 രൂപയാണ് നഷ്ടമായത്.

ഇടപാടില്‍ സംശയം തോന്നിയ ക്രെഡിറ്റ് കാര്‍ഡ് കമ്പനി ബിസിനസുകാരനെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. ഈ ഇടപാടുകള്‍ നിയമവിരുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞ ക്രെഡിറ്റ് കാര്‍ഡ് കമ്പനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com