പൊതുസ്ഥലത്ത് വച്ച് വസ്ത്രങ്ങള്‍ വലിച്ചൂരി, കള്ളന്‍ 'എന്നെഴുതിച്ച്' തെരുവിലൂടെ നടത്തിച്ചു; വസ്ത്ര വ്യാപാരിക്ക് നേരെ ആക്രമണം

ഗുജറാത്തില്‍ പൊതുജനമധ്യേ വസ്‌ത്രോല്‍പ്പന വ്യാപാരിയെ അപമാനിച്ചതായി പരാതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ പൊതുജനമധ്യേ വസ്‌ത്രോല്‍പ്പന വ്യാപാരിയെ അപമാനിച്ചതായി പരാതി. വസ്ത്രം വലിച്ചൂരി അര്‍ദ്ധ നഗ്നനാക്കിയ ശേഷം കള്ളന്‍ എന്ന് എഴുതിയ പ്ലക്കാര്‍ഡ് കയ്യിലേന്തി തെരുവിലൂടെ നടത്തിച്ചു എന്നതാണ് ആരോപണം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു.

സൂറത്തിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയാണ് പൊതുജനമധ്യേ അവഹേളിക്കപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാപാരിയുടെ അരക്കെട്ടില്‍ സാരി ചുറ്റിയതിന് ശേഷമായിരുന്നു നാട്ടുകാരുടെ ശിക്ഷ. വ്യാപാരിയെ കള്ളന്‍ എന്ന് ഒരാള്‍ വിളിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വ്യാപാരി അപമാനഭാരത്തില്‍ തലകുനിച്ച് നടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

വ്യാപാരിയെ അപമാനിക്കുന്നതില്‍ നാട്ടുകാരില്‍ ആരും തന്നെ എതിര്‍പ്പ് ഉന്നയിച്ചില്ല. വ്യാപാരിയോട് മോശമായി പെരുമാറുന്നത് മൂകസാക്ഷിയായി നാട്ടുകാര്‍ നോക്കിനില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവം വിവാദമായതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുടിശ്ശിക തീര്‍ക്കാത്തതാണ് അപമാനിക്കാനുള്ള കാരണമെന്നാണ് പൊലീസ് പറയുന്നത്. 

ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനാണ് വ്യാപാരി ഗുജറാത്തില്‍ എത്തിയത്. ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് കുടിശ്ശിക കൊടുത്തുതീര്‍ക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വ്യാപാരിയെ പൊതുജനം നോക്കിനില്‍ക്കേ അപമാനിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com