'ഇങ്ങനെയാണെങ്കില്‍ നാളെ നിങ്ങള്‍ ആരും മാംസം കഴിക്കരുത് എന്ന് പറയും'; ഹരിദ്വാറിലെ അറവുശാല നിരോധനത്തിന് എതിരെ ഹൈക്കോടതി

ഹരിദ്വാര്‍ ജില്ലയില്‍ അറവുശാലകള്‍ നിരോധിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടിക്ക് എതിരെ ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രിദ്വാര്‍ ജില്ലയില്‍ അറവുശാലകള്‍ നിരോധിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടിക്ക് എതിരെ ഹൈക്കോടതി. ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് നോക്കിയാണ് ഒരു സമൂഹത്തെ വിലയിരുത്തുക എന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

അറവുശാലകള്‍ നിരോധിച്ച നടപടിക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് ആര്‍ എസ് ചൗഹാന്റെയും ജസ്റ്റിസ് അലോക് കുമാറിന്റെയും ഡിവിഷന്‍ ബെഞ്ച് വിമര്‍ശനം ഉന്നയിച്ചത്. 

'ജനാധിപത്യം എന്നാല്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണമാണ്. ന്യൂനപക്ഷങ്ങളോട് എങ്ങനെയാണ് പെരുമാറുന്നത് എന്ന് നോക്കിയാണ് ഒരു സമൂഹത്തെ വിലയിരുത്തുക. ഒരു പൗരന്റെ ഓപ്ഷനുകള്‍ നിര്‍ണ്ണയിക്കാന്‍ ഭരണകൂടത്തിന് എത്രത്തോളം കഴിയും' കോടതി നിരീക്ഷിച്ചു. 

സ്വകാര്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം, സ്വതന്ത്രമായി മതാചാരങ്ങള്‍ നടത്താനുള്ള അവകാശം എന്നിവയ്‌ക്കെതിരെയാണ് ഈ വിലക്കെന്നും ഹരിദ്വാറിലെ മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ഹരിദ്വാര്‍ ജില്ലയിലെ അറവുശാലകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. 

ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത് ഗുരുതര അവകാശ പ്രശ്‌നമാണെന്നും ഭരണഘടനപരമായ വ്യാഖ്യാനം ആവശ്യമാണെന്നും കോടതി പറഞ്ഞു. 
സമാനമായ സംഭവങ്ങളില്‍ സുപ്രീംകോടതി നേരത്തെ ആശങ്കയറിയിച്ചത് ചൂണ്ടിക്കാട്ടിയ ബെഞ്ച്, മാംസ നിരോധനം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നും നാളെ നിങ്ങള്‍ ആരും മാംസം കഴിക്കരുത് എന്ന് പറയുമെന്നും അഭിപ്രായപ്പെട്ടു. 

ഒരു പൗരന് സ്വന്തം ഭക്ഷണക്രമം തീരുമാനിക്കാന്‍ അവകാശമുണ്ടോ അല്ലെങ്കില്‍ അത് ഭരണകൂടം തീരുമാനിക്കുമോ എന്നതാണ് ചോദ്യം. കേസിന് കൂടുതല്‍ വാദം കേള്‍ക്കേണ്ട ആവശ്യമുണ്ടെന്നും കോടതി പറഞ്ഞു. ബക്രീദിന് മുന്‍പായി കേസ് വിധി പറയാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com