ദുരന്തം വിതച്ച് കനത്ത മഴ; മുംബൈ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23ആയി, രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2021 11:46 AM  |  

Last Updated: 18th July 2021 11:46 AM  |   A+A-   |  

mumbai_rain

ചിത്രം: എഎന്‍ഐ


മുംബൈ: കനത്തമഴയെ തുടര്‍ന്ന്മുംബൈയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23ആയി. ചെമ്പൂരിലെ ഭരത് നഗറിലുണ്ടായ ദുരന്തത്തില്‍ നിരവധി പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞുവീണ് 17പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ വീതം നല്‍കും. 

അതേസമയം, മുംബൈ നഗരത്തില്‍ കനത്ത മഴ തുടരുകയാണ്. റെയില്‍വെ പാളങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. 17 ട്രെയിനുകള്‍ റദ്ദാക്കിയതായി സബര്‍ബന്‍ റെയില്‍വെ അറിയിച്ചു. പ്രധാന റോഡുകളും വെള്ളത്തിനടിയിലാണ്. വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 

ഇന്നലെ രാത്രി എട്ടുമണി മുതല്‍ പുലര്‍ച്ചെ രണ്ടുമണിവരെ 156.94 മില്ലിമീറ്റര്‍ മഴയാണ് മുംബൈയില്‍ ലഭിച്ചത്. ഇത് റെക്കോര്‍ഡാണ്. മുംബൈയുടെ കിഴക്ക്,പടിഞ്ഞാറ് പ്രാന്തപ്രദേശങ്ങളിലും കനത്തമഴയാണ് ലഭിച്ചത്.