കേരളം ബക്രീദിന് ഇളവുകള്‍ നല്‍കിയതില്‍ കേസെടുക്കുന്നില്ലേ?; സുപ്രീംകോടതിക്ക് എതിരെ വിഎച്ച്പി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹരിദ്വാറിലേക്കുള്ള കന്‍വാര്‍ യാത്ര റദ്ദാക്കാന്‍ തീരുമാനിച്ച ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്
വിഎച്ച്പി പ്രവര്‍ത്തകരുടെ പ്രകടനം/ഫയല്‍
വിഎച്ച്പി പ്രവര്‍ത്തകരുടെ പ്രകടനം/ഫയല്‍



ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഹരിദ്വാറിലേക്കുള്ള കന്‍വാര്‍ യാത്ര റദ്ദാക്കാന്‍ തീരുമാനിച്ച ഉത്തര്‍പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത്. വിഷയത്തില്‍ സുപ്രീംകോടതി വിവേചനപരമായി പെരുമാറരുത് എന്ന് വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജയിന്‍ പറഞ്ഞു. കേരളത്തില്‍ ബക്രീദ് ആഘോഷങ്ങള്‍ക്ക് ഇളവ് നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്ര ജയിന്റെ പരാമര്‍ശം. 

' കന്‍വാര്‍ യാത്ര റദ്ദാക്കാനുള്ള യുപി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ തീരുമാനം പുനഃപരിശോധിക്കണം.വിഷയത്തില്‍ സുപ്രീംകോടതി വിവേചനപരമായി പെരുമാറരുത്. ബക്രീദിന് കേരള ഗവണ്‍മെന്റ് ഇളവുകള്‍ നല്‍കിയില്ലേ?  എന്തുകൊണ്ട് സുപ്രീംകോടതി ഇതില്‍ സ്വമേധയാ കേസെടുത്തില്ല?- സുരേന്ദ്ര ജയിന്‍ ചോദിച്ചു. 

സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ കന്‍വാര്‍ യാത്ര റദ്ദാക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്ന് യുപി സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും പിന്തുണ ലഭിക്കാതൈ വന്നതോടെ, തീരുമാനം മാറ്റാന്‍ യുപി സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 

ഹരിദ്വാറില്‍നിന്ന് ഗംഗാജലം കൊണ്ടുവരാനുള്ള യാത്രകള്‍ക്ക് അനുമതി നല്‍കരുതെന്നും ഗംഗാജലം ടാങ്കറുകളിലൂടെ ലഭ്യമാക്കുന്ന സംവിധാനം സംസ്ഥാന സര്‍ക്കാരുകള്‍ സജ്ജമാക്കണമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ നിലപാടെടുത്തിരുന്നു. 

മതം ഉള്‍പ്പെടെയുള്ള ഏതു വികാരവും ഭരണഘടനയിലെ ജീവിക്കാനുള്ള അവകാശത്തിനു താഴെയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയിലെ അനുച്ഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശം പരമമാണെന്ന്, ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, ബിആര്‍ ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. മതം ഉള്‍പ്പെടെയുള്ള ഏതു വികാരവും അതിനു താഴെയേ വരൂവെന്ന് കോടതി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com