യുവതിയെ നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തി;  വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അന്വേഷണം 

നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വെറലായതിനെത്തുടര്‍ന്ന് നാല് സത്രീകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്:  നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വെറലായതിനെത്തുടര്‍ന്ന് നാല് സത്രീകള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മൂന്ന് സ്ത്രീകളുടെ സഹായത്തോടെയായിരുന്നു യുവതി ഗര്‍ഭഛിദ്രം നടത്തിയത്. സംഭവത്തില്‍ ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ചീഫ് ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് ഓഫിസറും (സിഡിഎച്ച്ഒ) ലുന്‍വാഡ ജനറല്‍ ആശുപത്രിയിലെ ഇന്‍ചാര്‍ജ് സൂപ്രണ്ടും നല്‍കിയ പരാതിയെത്തുടര്‍ന്ന് സാന്ദ്രാംപുര്‍ പൊലീസ് സ്റ്റേഷന്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്നുവെന്ന് പറയപ്പെടുന്ന യുവതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. വീഡിയോ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനുപയോഗിച്ച ടാബ്ലെറ്റിന്റെ രണ്ട് സ്ട്രിപ്പുകള്‍ കണ്ടെത്തിയതായി സിഡിഎച്ച്ഒ ഡോ. സ്വപ്നില്‍ ഷായും മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജെ.കെ.പട്ടേലും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.


ഗര്‍ഭഛിദ്രം നടത്തുന്നതിന് മറ്റു മൂന്ന് പേര്‍ യുവതിയെ സഹായിച്ചെന്ന് വിഡിയോയില്‍നിന്ന് വ്യക്തമാണ്. മെഡിക്കല്‍ പ്രാക്ടീഷണര്‍ ആക്ടിന്റെ സെക്ഷന്‍ 25, എംടിപി ആക്ട് 1971 ലെ സെക്ഷന്‍ 4-5 എന്നിവ പ്രകാരം ഇത് കുറ്റകരമാണ്. എംബിബിഎസ്, എംഡി ഗൈനക്കോളജിസ്റ്റ് ഡിജിഒ അല്ലെങ്കില്‍ ഒരു സര്‍ജന്‍ ഡോക്ടര്‍ ഉള്ള അംഗീകൃത ആശുപത്രിക്ക് മാത്രമേ ഉചിതമായ അനുമതി ലഭിച്ച ശേഷം ഗര്‍ഭഛിദ്രം നടത്താന്‍ കഴിയൂ. ഗര്‍ഭഛിദ്രം നടത്തിയ യുവതിക്കെതിരെയും അവരെ സഹായിച്ചവര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റത്തിന് ഉടന്‍ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

യുവതി എട്ടുവര്‍ഷമായി അവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. 15 വര്‍ഷമായി അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയാണ്. വീട്ടുടമസ്ഥന്റെയും അയാളുടെ മകന്റെയും യുവതി ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡോക്ടറുടെയും മൊഴിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ വീട്ടില്‍ കണ്ടെത്തിയ മരുന്നുകള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഉപയോഗിക്കുന്നവയാണെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 15 ദിവസമായി യുവതി വീട്ടിലില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com