കനാല്‍ മുറിച്ചു കടക്കുന്നതിനിടെ വാച്ച്മാന്റെ കാല്‍ മുതല കടിച്ചെടുത്തു

15 മിനിറ്റോളം നിണ്ട പോരാട്ടത്തിനൊടുവിലാണ് മുതലയുടെ വായില്‍ നിന്നും നാട്ടുകാര്‍ ഇയാളെ രക്ഷിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: കനാല്‍ മുറിച്ചുകടക്കുന്നതിനിടെ വാച്ച്മാന്റെ കാല്‍ മുതല കടിച്ചെടുത്തു. ഖേരി ജില്ലയിലെ ബല്‍ഹഗ്രാമത്തിലാണ് സംഭവം. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മുതലയില്‍ നിന്ന് ഇയാളെ രക്ഷിച്ചത്. 

ഗുരുതരമായി പരിക്കേറ്റ ഇയാളെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കൂടുതല്‍ ചികിത്സ ആവശ്യമായതിനാല്‍ ലക്‌നൗവിലെ മെഡിക്കല്‍ കോളജിലെക്ക് മാറ്റി.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇവിടെ മുതലയുടെ ആക്രമണത്തില്‍ നാലുപേരാണ് മരിച്ചത്. ജൂണ്‍ 26ന് കന്നുകാലികളെ മേയ്ക്കുന്നതിനിടെയാണ് ഒരാളെ മുതല പിടിച്ചത്. മെയ് 22ന് പാലിയ പ്രദേശത്ത് മറ്റൊരാള്‍ മുതലയുടെ ആക്രമണത്തില്‍ മരിച്ചു. സമീപജില്ലയായ പീലിഭിത്തില്‍ രണ്ട് പേര്‍ മുതലയുടെ ആക്രമണത്തില്‍ മരിച്ചതായും നാട്ടുകാര്‍ പറയുന്നു. 

ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ ഷാര്‍ദ കനാല്‍ മുറിച്ചുകടക്കുന്നതിനിടെയാണ് ഈശ്വര്‍ദിന്‍ എന്നയാളെ മുതല കടിച്ചെതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുതല കടിച്ചതിന് പിന്നാലെ സഹായത്തിനായി ഇയാള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. നാട്ടുകാര്‍ മുതലയെ കല്ലെറിഞ്ഞും അടിച്ചും ഓടിക്കുകയായിരുന്നു. 15 മിനിറ്റോളം നിണ്ട പോരാട്ടത്തിനൊടുവിലാണ് മുതലയുടെ വായില്‍ നിന്നും ഇയാളെ രക്ഷിച്ചത്. അപ്പോഴെക്കും ഇയാളുടെ ഇടത് കാല്‍ പൂര്‍ണമായി മുതല കടിച്ചെടുത്തിരുന്നു. ആ സമയത്ത് ഇയാളുടെ ബോധമില്ലായിരുന്നെന്നും അമിതമായി രക്തം വാര്‍ന്നുപോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഗുരുതരാവസ്ഥയിലാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com