നോട്ടുമഴ പെയ്യും, വീട്ടില്‍ സാമ്പത്തിക അഭിവൃദ്ധിക്ക് 'ശുദ്ധിക്രിയ'; മന്ത്രവാദി 94 ലക്ഷം രൂപ തട്ടി, പത്തുവര്‍ഷത്തെ കബളിപ്പിക്കല്‍ കഥ 

ഗുജറാത്തില്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മന്ത്രവാദി ഒരു കോടിയോളം രൂപ തട്ടിച്ചതായി പരാതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മന്ത്രവാദി ഒരു കോടിയോളം രൂപ തട്ടിച്ചതായി പരാതി. പത്തു വര്‍ഷം തുടര്‍ച്ചയായി കബളിപ്പിച്ചതായി പൊലീസ് പറയുന്നു.

അഹമ്മദാബാദിലാണ് സംഭവം. ജിഗേഷാണ് തട്ടിപ്പിന് ഇരയായത്. ഹിതേഷ് യാഗിക്കിനെതിരെ ജിഗേഷിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക അഭിവൃദ്ധിക്കായി മന്ത്രവാദത്തിന് 94 ലക്ഷം രൂപയാണ് ചെലവഴിച്ചത്. സ്വര്‍ണാഭരണങ്ങളും മന്ത്രവാദിക്ക് നല്‍കിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫലം ലഭിക്കാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലാകുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു.

ജോതിഷം അറിയാമെന്ന് പറഞ്ഞാണ് ഹിതേഷ് ജിഗേഷിനെ കബളിപ്പിച്ചത്. 2010ലാണ് ജിഗേഷ് ആദ്യമായി മന്ത്രവാദിയെ സമീപിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് കൊണ്ടാണ് സമീപിച്ചത്. മന്ത്രവാദം നടത്തി സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവാന്‍ സഹായിക്കാമെന്ന് ഹിതേഷ് പറഞ്ഞു വിശ്വസിപ്പിച്ചതായി പൊലീസ് പറയുന്നു. പിന്നീട് പല തവണയായി ലക്ഷങ്ങള്‍ ജിഗേഷില്‍ നിന്ന് വാങ്ങിയെന്ന് പൊലീസ് പറയുന്നു.

2016ല്‍ താന്‍ ആശ്രമം പണിയാന്‍ പോകുന്നു എന്ന് പറഞ്ഞ് മന്ത്രവാദി പണം ആവശ്യപ്പെട്ടു. കുറഞ്ഞ വിലയ്ക്ക് കച്ചില്‍ 50000 ഏക്കര്‍ ഭൂമി വാങ്ങാന്‍ ഏര്‍പ്പാട് ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇത് വലിയ കമ്പനികള്‍ക്ക് വിറ്റാല്‍ കോടികള്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. മന്ത്രവാദിയുടെ വാക്കില്‍ വിശ്വസിച്ച് 89 ലക്ഷം രൂപയാണ് അന്ന് കൈമാറിയതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ജിഗേഷിന്റെ വീട്ടില്‍ 'ശുദ്ധി ക്രിയ' നടത്തി. നോട്ടുമഴ പെയ്യുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള സാധനങ്ങളും കൊണ്ടുപോയതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

2021 മാര്‍ച്ചില്‍ വീണ്ടും മന്ത്രവാദിയെ കണ്ടുമുട്ടി. പണം തിരികെ ചോദിച്ചപ്പോള്‍ തന്റെ സാമ്പത്തിക നില മോശമാണ് എന്ന് പറഞ്ഞ് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചു. പിന്നീട് ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലെന്നും ജിഗേഷ് പറയുന്നു. തുടര്‍ന്നാണ് മന്ത്രവാദിക്കെതിരെ പൊലീസിനെ സമീപിച്ചതെന്ന് ജിഗേഷ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com