സഹകരണം സംസ്ഥാന വിഷയം ; കേന്ദ്രം ഇടപെടേണ്ടെന്ന് സുപ്രീംകോടതി; ഭരണഘടനാ ഭേദഗതി ഭാഗികമായി റദ്ദാക്കി

97-ാം ഭരണഘടനാ ഭേദഗതി പൂര്‍ണമായും റദ്ദാക്കണമെന്ന് ജസ്റ്റിസ് കെ എം ജോസഫ് ഭിന്നവിധിയില്‍ വ്യക്തമാക്കി
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട നിയമനിര്‍മാണം നടത്താന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതി. സഹകരണം സംസ്ഥാന വിഷയമാണ്. അന്തര്‍ സംസ്ഥാന സഹകരണസംഘങ്ങള്‍, കേന്ദ്രഭരണ പ്രദേശത്തെ സഹകരണ സംഘങ്ങള്‍ എന്നിവയില്‍ മാത്രമേ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താനാകൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സഹകരണസംഘങ്ങളുമായി ബന്ധപ്പെട്ട് 2012ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന ഭരണഘടനാ ഭേദഗതിയുടെ ഒരുഭാഗം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.ഈ വിധിക്കെതിരേ കേന്ദ്രം നല്‍കിയ അപ്പീലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഒരു സംസ്ഥാനത്തിനകത്ത് മാത്രം പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ കേന്ദ്രം ഇടപെടരുത്.
സഹകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രത്യേക മന്ത്രാലയം രൂപീകരിച്ചിരുന്നു. 

സഹകരണം സംസ്ഥാനവിഷയമാണെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി, ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്ന 'പാര്‍ട്ട് 9 ബി' പൂര്‍ണമായും റദ്ദാക്കിയത്. എന്നാല്‍, ഇതില്‍ അന്തര്‍ സംസ്ഥാന (മള്‍ട്ടി സ്‌റ്റേറ്റ്) സഹകരണസംഘങ്ങള്‍, കേന്ദ്രഭരണ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. 
ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നിവരാണ് ഭൂരിപക്ഷ വിധിയെഴുതിയത്. എന്നാല്‍, 97-ാം ഭരണഘടനാ ഭേദഗതി പൂര്‍ണമായും റദ്ദാക്കണമെന്ന് ജസ്റ്റിസ് കെ എം ജോസഫ് ഭിന്നവിധിയില്‍ വ്യക്തമാക്കി.

ഭരണസമിതിയംഗങ്ങളുടെ എണ്ണം, അംഗങ്ങള്‍ക്കെതിരായ ശിക്ഷാനടപടി, പിരിച്ചുവിടാനുള്ള വ്യവസ്ഥകള്‍, ഓഡിറ്റിങ് തുടങ്ങിയ വിഷയങ്ങളാണ് റദ്ദാക്കപ്പെട്ട 'പാര്‍ട്ട് 9 ബി'യില്‍ വരുന്നത്. സഹകരണ സൊസൈറ്റികളുടെ കാര്യത്തില്‍ നിയമമുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരത്തില്‍ കടന്നുകയറുന്നതാണോ ഭരണഘടനാ ഭേദഗതിയെന്നാണ് സുപ്രീംകോടതി പരിശോധിച്ചത്. സഹകരണസൊസൈറ്റികള്‍ കൈകാര്യംചെയ്യാന്‍ രാജ്യമൊട്ടാകെ ഏകീകൃത സംവിധാനമുണ്ടാക്കാനാണ് ലക്ഷ്യമിട്ടതെന്നും സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മാണത്തിനുള്ള അധികാരം നഷ്ടപ്പെടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com