'ഇത് സത്യമാണ്'; മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി

കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിന് സമാന നിലപാടുമായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


മുംബൈ: കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിന് സമാന നിലപാടുമായി മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ. മഹാരാഷ്ട്രയില്‍ ഓക്‌സിജന്‍ ക്ഷാമം കാരണം ആരും മരിച്ചിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രസ്താവന. കേന്ദ്രസര്‍ക്കാരിന് എതിരെ ശിവസേന അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് മഹാരാഷ്ട്രയിലെ ശിവസേന സഖ്യസര്‍ക്കാരിന്റെ ആരോഗ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. 

' മഹാരാഷ്ട്രയില്‍ ഒരിക്കലും ഇത്തരമൊരു സംഭവം നടന്നിട്ടില്ല. വ്യാവസായിക ആവശ്യത്തിന് വേണ്ടി ഉത്പാദിച്ച നൂറു ശതമാനം ഓക്‌സിജനും മെഡിക്കല്‍ ഓക്‌സിജനായി മാറ്റാന്‍ സാധിച്ചതുകൊണ്ടാണ് ഓക്‌സിജന്‍ ക്ഷാമം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് എന്നാണ് എന്‍സിപി നേതാവുകൂടിയായ മന്ത്രിയുടെ അവകാശവാദം. ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സഹായിച്ചെന്നും മന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു മഹാരാഷ്ട്ര. 

ഇത് സത്യമാണ്, എല്ലാ ജില്ലകളിലും വ്യാവസായിക ആവശ്യത്തിനുള്ള ഓക്‌സിജന്‍ മെഡിക്കല്‍ ഓക്‌സിജനാക്കി മാറ്റി. അതിന്റെ ക്വാളിറ്റി നശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയെന്നും മന്ത്രി പറഞ്ഞു. 

മുംബൈയില്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് വാര്‍ത്തകളിലൂടെ പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നും ആവശ്യത്തിന് ഓക്‌സിജന്‍ ടാങ്കുകള്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ നിരവധി തവണ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര-കേന്ദ്രസര്‍ക്കാരുകള്‍ തമ്മില്‍ വാക്‌പോര് നടക്കുകയും ചെയ്തിരുന്നു. 

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം കാരണം ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് ശിവസേന നിലപാട്. 'എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. മെഡിക്കല്‍ ഓക്‌സിജന്റെ കുറവ് കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് കേള്‍ക്കുമ്പോള്‍ എങ്ങനെയെടുക്കുമെന്ന് എനിക്കറിയില്ല' എന്നായിരുന്നു ശിവസേന വക്താവ് സഞ്ജയ് റൗത്തിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com