'ഇങ്ങനെയാണെങ്കില്‍ രാജ്യത്ത് കോവിഡ് വന്നിട്ടില്ലെന്ന് ഉടനെ പറയും'; ഓക്‌സിജന്‍ കിട്ടാതെ ആരും മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട്; കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം

സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അറിയിച്ചത്
ആശുപത്രിയില്‍ കഴിയുന്ന രോഗിക്കു ഓക്‌സിജനുമായി എത്തുന്ന ബന്ധു/പിടിഐ
ആശുപത്രിയില്‍ കഴിയുന്ന രോഗിക്കു ഓക്‌സിജനുമായി എത്തുന്ന ബന്ധു/പിടിഐ

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെയുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സംസ്ഥാനങ്ങളോ കേന്ദ്ര ഭരണ പ്രദേശങ്ങളോ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ അറിയിച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തി. 

ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം കാരണം നിരവധിപേരാണ് മരിച്ചതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍ പറഞ്ഞു. ഓക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ഒരാള്‍പോലും മരിച്ചില്ലെന്ന് പറയുന്നത് പൂര്‍ണമായും തെറ്റാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 

പിന്നെ എന്തിനാണ് ഓക്‌സിജന്‍ ക്ഷാമമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രികള്‍ ദിനവും ഹൈക്കോടതിയെ സമീപിച്ചുകൊണ്ടിരുന്നത്? ഇനി കോവിഡ് മഹാമാരി ഇല്ലെന്ന് തന്നെ കേന്ദ്രം ഉടനെ പറയും'- അദ്ദേഹം വിമര്‍ശിച്ചു. 

'മരണങ്ങള്‍ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും ഞങ്ങള്‍ ഒരു ഓക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റി രൂപീകരിച്ചു. എന്നാല്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അത് തള്ളി. സത്യം മറച്ചുവെക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഇതു ചെയ്തത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ നല്‍കിയ കോവിഡ് മരണ റിപ്പോര്‍ട്ടില്‍ ഓക്‌സിജന്‍ ലഭ്യത കുറവ് കാരണം ആരും മരിച്ചതായി വ്യക്തമാക്കിയിട്ടില്ല എന്നായിരുന്നു രാജ്യസഭയില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞത്. മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം ആവശ്യപ്പെട്ടിട്ടും പല സംസ്ഥാനങ്ങളും അത് കൃത്യമായി ചെയ്തില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. േകാവിഡ് മരണങ്ങള്‍ കണക്കാക്കുന്നത് സംസ്ഥാനത്തിന്റെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു. 

'എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. മെഡിക്കല്‍ ഓക്‌സിജന്റെ കുറവ് കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാട് കേള്‍ക്കുമ്പോള്‍ എങ്ങനെയെടുക്കുമെന്ന് എനിക്കറിയില്ല' എന്നായിരുന്നു ശിവസേന വക്താവ് സഞ്ജയ് റൗത്തിന്റെ പ്രതികരണം. 

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം സംഭവിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത വിവരങ്ങള്‍ വാര്‍ത്തകളായി പുറത്തുവന്നിരുന്നു. ഗോവയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മെയ് മാസത്തില്‍ അഞ്ചുദിവസത്തിനുള്ളില്‍ എണ്‍പതുപേര്‍ ഓക്‌സിജന്‍ ക്ഷാമം കാരണം മരിച്ചിരുന്നു. ആന്ധ്രയിലെ തിരുപ്പതിയില്‍ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പതിനൊന്നു പേര്‍ ശ്വാസം കിട്ടാതെ മരിച്ചു. ഡല്‍ഹിയിലെ ജയ്പൂര്‍ ഗോള്‍ഡണ്‍ ആശുപത്രിയില്‍ മാത്രം ഓക്‌സിജന്‍ കിട്ടാതെ ഏപ്രില്‍ മാസം മരിച്ചത് 25പേരാണ്. 

ഓക്‌സിജന്‍ ക്ഷാമത്തില്‍ സുപ്രീംകോടതി ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. വിവിധ ഹൈക്കോടതികളില്‍ ഓക്‌സിജന്‍ ക്ഷാമത്തിന് എതിരെ കേന്ദ്രസര്‍ക്കാരിന് എതിരെ കേസുകളും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം കാരണം രാജ്യത്ത് ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com