'അവർ തെമ്മാടികളാണ്, കർഷകരല്ല'- സമരക്കാരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി; മറുപടിയുമായി രാകേഷ് ടിക്കായത്ത്

'അവർ തെമ്മാടികളാണ്, കർഷകരല്ല'- സമരക്കാരെ അധിക്ഷേപിച്ച് കേന്ദ്ര മന്ത്രി; മറുപടിയുമായി രാകേഷ് ടിക്കായത്ത്
മീനാക്ഷി ലേഖി/ എഎൻഐ
മീനാക്ഷി ലേഖി/ എഎൻഐ

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ അധിക്ഷേപിക്കുന്ന വിവാദ പ്രസ്താവനയുമായി കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി. സമരം നടത്തുന്നത് തെമ്മാടികളാണെന്ന് അവർ അധിക്ഷേപിച്ചു. ഡൽഹി ജന്തർ മന്തറിൽ നടന്ന സമരത്തിനിടെ മാധ്യമ പ്രവർത്തകനു നേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് പ്രതികരണം.

കുറ്റകൃത്യങ്ങളാണ് അവർ ചെയ്യുന്നതെന്നും പ്രതിപക്ഷമാണ് അവയ്ക്ക് പ്രചാരണം നൽകുന്നതെന്നും കേന്ദ്ര സാംസ്‌കാരിക - വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി കുറ്റപ്പെടുത്തി. അവർ കർഷകരല്ല, തെമ്മാടികളാണ്. ജനുവരി 26ന് എന്താണ് സംഭവിച്ചതെന്ന് കണ്ടതാണ്. സമാനമായ നാണംകെട്ട നടപടികളാണ് ഇവിടെയും കാണുന്നത്. കുറ്റകൃത്യങ്ങളാണ് അവർ ചെയ്യുന്നത്. അത്തരം പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം പ്രചാരണം നൽകുന്നു -  മീനാക്ഷി ലേഖി ആരോപിച്ചു.

സമരത്തിനിടെ, നാഗേന്ദ്ര എന്ന മാധ്യമ പ്രവർത്തകനെ ഒരു സ്ത്രീ വടി കൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി. ഇതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. പിന്നാലെയാണ് മീനാക്ഷി ലേഖിയുടെ ആരോപണം. 

അതേസനയം മന്ത്രിയുടെ പരാമർശത്തിനെതിരെ വിമർശവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കർഷകർ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ വ്യാഴാഴ്ച അവർ ജന്തർ മന്തറിൽ 'കർഷക പാർലമെന്റി'ന് തുടക്കം കുറിച്ചിരുന്നു. പാർലമെന്റിന് സമീപത്തുള്ള ജന്തർ മന്തറിൽ പരമാവധി 200 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രക്ഷോഭം നടത്താൻ ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജാൽ കർഷക സംഘടനകൾക്ക് അനുമതി നൽകിയിരുന്നു. ഓഗസ്റ്റ് ഒൻപതുവരെ പ്രക്ഷോഭം നടത്താനാണ് അനുമതി. പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്നതിനിടെയാണ് പ്രക്ഷോഭം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com