ജീന്‍സ് ധരിച്ചത് ഇഷ്ടമായില്ല, 17കാരിയെ മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി, വലിച്ചെറിഞ്ഞ മൃതദേഹം പാലത്തിന്റെ ഗ്രില്ലില്‍; വഴിത്തിരിവായത് വഴിയാത്രക്കാരന്‍

ഉത്തര്‍പ്രദേശില്‍ 17കാരിയെ മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 17കാരിയെ മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തി. വീട്ടില്‍ ജീന്‍സ് ധരിക്കരുതെന്ന് മുത്തച്ഛനും ബന്ധുക്കളും താക്കീത് നല്‍കിയിരുന്നു. ഇത് അനുസരിക്കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. 

ദിയോറിയ ജില്ലയിലാണ് സംഭവം. കശ്യ- പട്‌ന ദേശീയ പാതയില്‍ പത്താന്‍വ പാലത്തിലെ ഗ്രില്ലില്‍ തൂങ്ങി കിടക്കുന്ന നിലയിലാണ് 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്. പാലത്തിന്റെ മുകളില്‍ നിന്ന് മൃതദേഹം വലിച്ചെറിയുന്നത് വഴിയാത്രക്കാരനാണ് പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുത്തച്ഛനും അമ്മാവന്മാരും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് തിരിച്ചറിഞ്ഞത്. മുത്തച്ഛനെയും ഓട്ടോറിക്ഷ ഡ്രൈവറെയും അറസ്റ്റ് ചെയ്തു. രണ്ടു അമ്മാവന്മാര്‍ ഒളിവിലാണ്.

17കാരിയുടെ അച്ഛന്‍ പഞ്ചാബിലെ ലുധിയാനയിലാണ് ജോലി ചെയ്യുന്നത്. കുടുംബത്തൊടൊപ്പം ലുധിയാനയില്‍ പോയ സമയത്താണ് പെണ്‍കുട്ടി ജീന്‍സ് ധരിക്കാന്‍ തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ ഗ്രാമത്തില്‍ തിരികെ എത്തിയപ്പോഴും ജീന്‍സ് ധരിക്കുന്നത് തുടര്‍ന്നു. എന്നാല്‍ മുത്തച്ഛനും മറ്റു ബന്ധുക്കളും ഇതിന് എതിരായിരുന്നു. ഗ്രാമത്തില്‍ ജീന്‍സ് ധരിച്ച് പുറത്തിറങ്ങരുത് എന്ന് പറഞ്ഞ് നിരവധി തവണ താക്കീത് ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് കാര്യമാക്കിയിരുന്നില്ല. കൂടാതെ മണിക്കൂറുകളോളം നേരം വീടിന്റെ വെളിയില്‍ ചെലവഴിക്കുന്നതും പതിവായിരുന്നു.  ഇതും കുടുംബാംഗങ്ങളുടെ പ്രകോപനത്തിന് കാരണമായതായി പൊലീസ് പറയുന്നു.

തിങ്കളാഴ്ച 17കാരി ജീന്‍സ് ധരിക്കുന്നതും പുറത്ത് മണിക്കൂറുകളോളം ചെലവഴിക്കുന്നതും നിര്‍ത്തണമെന്ന് കുട്ടിയുടെ അമ്മയ്ക്ക്് അമ്മാവന്‍ അരവിന്ദ് താക്കീത് നല്‍കി. ഇത് കേട്ടു കൊണ്ടാണ് പെണ്‍കുട്ടി വീട്ടില്‍ വന്നത്. ഇതിനെ ചൊല്ലി വീട്ടില്‍ തര്‍ക്കമായി. അതിനിടെ പെണ്‍കുട്ടി അമ്മാവന്റെ മുഖത്തടിച്ചു. ഇതിന്റെ ദേഷ്യത്തില്‍ അരവിന്ദും ഭാര്യയും സഹോദരനും ചേര്‍ന്ന് പെണ്‍കുട്ടിയെ തള്ളിയിട്ടു. മതിലില്‍ ഇടിച്ചുവീണ പെണ്‍കുട്ടി ചോര വാര്‍ന്ന് തത്ക്ഷണം മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടി മരിച്ചതോടെ, മൃതദേഹം ഉപേക്ഷിക്കാനുള്ള തത്രപ്പാടിലായി കുടുംബം. ഓട്ടോറിക്ഷ വിളിച്ച് മൃതദേഹം എവിടെയെങ്കിലും കൊണ്ടുപോയി ഉപേക്ഷിക്കാന്‍ കുടുംബം തീരുമാനിച്ചു. ഇതനുസരിച്ച് പത്താന്‍വ പാലത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് എറിയുകയായിരുന്നു. എന്നാല്‍ മൃതദേഹം താഴെ പതിച്ചില്ല. പാലത്തിന്റെ ഗ്രില്ലില്‍ തൂങ്ങി കിടക്കുകയായിരുന്നു. ഇത് കണ്ട വഴിയാത്രക്കാരന്‍ പൊലീസിനെ വിളിച്ചറിയിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com