പാര്‍ലമെന്റ് ധര്‍ണ : കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞു ; സുരക്ഷാ പരിശോധനയെന്ന് പൊലീസ് ; കര്‍ഷകര്‍ തെമ്മാടികളോ എന്ന് രാകേഷ് ടിക്കായത്ത്

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു
കര്‍ഷക പ്രതിഷേധം / എഎന്‍ഐ ചിത്രം
കര്‍ഷക പ്രതിഷേധം / എഎന്‍ഐ ചിത്രം


ന്യൂഡല്‍ഹി : കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് സിംഘു അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ജന്തര്‍മന്തറില്‍ കര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിച്ച് പ്രതിഷേധിക്കുക ലക്ഷ്യമിട്ടാണ് കര്‍ഷകരെത്തിയത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. 

സിംഘുവിലെ യൂണിയന്‍ ഓഫീസില്‍ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍ ഫാം ഹൗസിലേക്ക് പൊലീസ് മാറ്റി. സുരക്ഷാ പരിശോധനയ്ക്കും, അനുമതി നല്‍കിയതിലും അധികം ആളുകളുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുകയാണ്. 

പൊലീസ് പരിശോധനയില്‍ കര്‍ഷക നേതാക്കളായ രാകേഷ് ടിക്കയത്ത്, യോഗേന്ദ്ര യാദവ് എന്നിവര്‍ പ്രതിഷേധിച്ചു. ജന്തര്‍മന്തിറില്‍ നിന്നും 150 മീറ്റര്‍ അകലെയാണ് പാര്‍ലമെന്റ്. കര്‍ഷക പാര്‍ലമെന്റ് നടത്തി പ്രതിഷേധിക്കാനാണ് തങ്ങള്‍ എത്തിയത്. 

കര്‍ഷകര്‍ തെമ്മാടികളും അക്രമികളുമാണോ എന്ന്, പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാകേഷ് ടിക്കായത്ത് ചോദിച്ചു.  റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ ഉണ്ടായ സുരക്ഷാവീഴ്ച കണക്കിലെടുത്തും, സമരത്തില്‍ അക്രമികള്‍ നുഴങ്ങു കയറിയേക്കുമെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പ് കണത്തിലെടുത്തും ജന്തര്‍മന്തിറില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംംപിമാര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പ്രതിഷേധത്തില്‍ പങ്കെടുത്തു. 

അതിനിടെ, കര്‍ഷക സമരം ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി. ദീപേന്ദര്‍ സിംഗ് ഹൂഡ, പ്രതാപ് സിങ് ബജ്‌വ എന്നിവരാണ് നോട്ടീസ് നല്‍കിയത്. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യം. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ മാസങ്ങളായി നടത്തുന്ന പ്രക്ഷോഭം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com