യെഡിയൂരപ്പ രാജിക്ക് ?; പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

പ്രധാനമന്ത്രിയും അമിത് ഷായും ജെ പി നഡ്ഡയും തന്നോട് പ്രത്യേക സ്‌നേഹവും വിശ്വാസവും കാണിച്ചു
യെഡിയൂരപ്പ / എഎന്‍ഐ ചിത്രം
യെഡിയൂരപ്പ / എഎന്‍ഐ ചിത്രം

ബംഗലൂരു : കര്‍ണാടകയില്‍ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതില്‍ ബി എസ് യെഡിയൂരപ്പ ബിജെപി കേന്ദ്രനേതൃത്വത്തിന് വഴങ്ങുന്നതായി സൂചന. ഈ മാസം 26 ന് തന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അതിനുശേഷമുള്ള ഭാവി കാര്യങ്ങള്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് യെഡിയൂരപ്പ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തു നിന്നും യെഡിയൂരപ്പയെ മാറ്റുമെന്ന അഭ്യൂഹം ശക്തമായിരുന്നു. അടുത്തിടെ യെഡ്യൂരപ്പയുടെ ഡല്‍ഹി സന്ദര്‍ശനം നേതൃമാറ്റവുമായി ബന്ധപ്പെട്ടാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം നേതൃമാറ്റ ആവശ്യം യെഡ്യൂരപ്പ  പരസ്യമായി തള്ളി. 

പ്രധാനമന്ത്രിയും പാര്‍ട്ടി കേന്ദ്രനേതൃത്വവും തന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ തൃപ്തരാണെന്നും, നേതൃമാറ്റം ഇപ്പോള്‍ ചര്‍ച്ചാവിഷയമല്ലെന്നുമാണ് യെഡിയൂരപ്പ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തന്റെ ഭാവി പാര്‍ട്ടി കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന പ്രതികരണമാണ് നേതൃമാറ്റ വിഷയം സജീവമാക്കിയത്. 

പ്രധാനമന്ത്രിയും അമിത് ഷായും ജെ പി നഡ്ഡയും തന്നോട് പ്രത്യേക സ്‌നേഹവും വിശ്വാസവും കാണിച്ചു. 75 വയസ്സുകഴിഞ്ഞവര്‍ക്ക് പ്രധാന പദവികള്‍ നല്‍കാത്ത പാര്‍ട്ടി നയത്തില്‍ തന്നോട് ഇളവ് കാണിച്ചു. 78 വയസ്സായ താന്‍ വീണ്ടും മുഖ്യമന്ത്രി പദവിയിലാണ്. ജൂലൈ 25 ന് തന്റെ ഭാവി സംബന്ധിച്ച് പാര്‍ട്ടി കേന്ദ്രനേതൃത്വം തീരുമാനം എടുക്കുമെന്നും യെഡിയൂരപ്പ പറഞ്ഞു. 

സര്‍ക്കാരിന്റെ രണ്ടാം വര്‍ഷ പരിപാടിയില്‍ പങ്കെടുക്കും. അതിനുശേഷം പാര്‍ട്ടി നിര്‍ദേശം അനുസരിക്കും. കര്‍ണാടകയില്‍ ബിജെപി ഭരണം തുടരാന്‍ പ്രവര്‍ത്തനരംഗത്ത് സജീവമായി ഉണ്ടാകുമെന്നും യെഡ്യൂരപ്പ പറഞ്ഞു. പ്രമുഖ ലിംഗായത്ത് നേതാവായ യെഡിയൂരപ്പ നേരത്തെ നേതൃമാറ്റ നീക്കം ചെറുക്കാന്‍ സമുദായ നേതാക്കളെ അണിനിരത്തി ശക്തിപ്രകടനം നടത്തിയിരുന്നു. 

മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞാല്‍ യെഡിയൂരപ്പയെ ഏതെങ്കിലും സംസ്ഥാനത്ത് ഗവര്‍ണറായി നിയമിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തന്റെ മക്കള്‍ക്ക് ഉചിതമായ പദവി നല്‍കണമെന്ന് യെഡ്യുരപ്പ ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ധാര്‍മ്മികതയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണമെന്നും, പാര്‍ട്ടിയെ നാണം കെടുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങളിലോ അച്ചടക്കമില്ലായ്മയിലോ ഭാഗഭാക്കാകരുതെന്നും യെഡിയൂരപ്പ ട്വീറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com