രാജ്യത്തെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ മോദി പെഗാസസിനെ ഉപയോഗിക്കുന്നു ; സുപ്രീം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് രാഹുല്‍ഗാന്ധി 

ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു
രാഹുല്‍ ഗാന്ധി / എഎന്‍ഐ ചിത്രം
രാഹുല്‍ ഗാന്ധി / എഎന്‍ഐ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്തെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പെഗാസസിനെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.  ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. 

പെഗാസസിനെ ഉപയോഗിച്ച് തന്റെ ഫോണും ചോര്‍ത്തി. രാഹുല്‍ ഗാന്ധി എന്ന വ്യക്തിയുടെ സ്വകാര്യത മാത്രമല്ല പ്രശ്‌നം. താന്‍ പ്രതിപക്ഷ നിരയിലെ നേതാവാണ്. ജനങ്ങളുടെ ശബ്ദത്തിനു നേര്‍ക്കുള്ള കടന്നാക്രമണമാണ് ഇതെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.

ഫോണ്‍ ചോര്‍ത്തലില്‍ ഉള്‍പ്പെട്ടിരുന്ന 10 പേരുടെ ഫോണില്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ സാന്നിധ്യം കണ്ടെത്തിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി ദേശീയ മാധ്യമമായ ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ മന്ത്രിമാര്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്ക് പുറമെ നിരവധി പ്രമുഖ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ശിശിര്‍ ഗുപ്ത, സിദ്ധാര്‍ത്ഥ് വരദരാജന്‍, എം കെ വേണു, സുശാന്ത് സിങ്, വിജൈത സിങ്, രോഹിണി സിങ്, സന്ദീപ് ഉണ്ണിത്താന്‍ തുടങ്ങിയവരുടെ പേരുകളും ഉള്‍പ്പെടുന്നതായി വയര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com