'ഹോട്ട്‌ഷോട്ട്‌സി'നെ വിലക്കിയാല്‍ 'പ്ലാന്‍ ബി' ; കുന്ദ്രയുടെ വാട്‌സ് ആപ്പ് ചാറ്റുകള്‍ ; 'എച്ച് അക്കൗണ്ട്‌സ്' വാട്‌സ്ആപ്പ് ഗ്രൂപ്പ് ചര്‍ച്ചകളും പുറത്ത്

കുന്ദ്രയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സെര്‍വര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്
രാജ് കുന്ദ്ര/ ട്വിറ്റര്‍ ചിത്രം
രാജ് കുന്ദ്ര/ ട്വിറ്റര്‍ ചിത്രം

മുംബൈ : നീലച്ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായ വ്യവസായിയും ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്ക്  അശ്ലീല വിഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് 'പ്ലാന്‍ ബി'യും ഉണ്ടായിരുന്നതായി മുംബൈ പൊലീസ്. അശ്ലീല വിഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ആപ്പ് 'ഹോട്ട്‌ഷോട്ട്‌സി'നെ ഗൂഗിള്‍, ആപ്പിള്‍ സ്‌റ്റോറുകള്‍ വിലക്കിയാല്‍ നടപ്പാക്കാനുള്ള ബദല്‍ മാര്‍ഗമായിരുന്നു ഇത്. കുന്ദ്രയുടെ വാട്‌സാപ് ചാറ്റുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് ഇതുസംബന്ധിച്ച തെളിവ് ലഭിച്ചത്. 

അശ്ലീല ചിത്രങ്ങള്‍ക്കായി പുതിയൊരു ആപ്പ് ഇറക്കാനാണു 'പ്ലാന്‍ ബി' യില്‍ കുന്ദ്രയും കൂട്ടരും ആലോചിച്ചത്. ഹോട് ഷോട്ട് ആപ്പിനെപ്പറ്റി ഗൂഗിള്‍ പ്ലേയില്‍നിന്നു ലഭിച്ച ഈ മെയിലിനെക്കുറിച്ച് ഒരാള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചോദിച്ചപ്പോള്‍ പ്ലാന്‍ ബി തുടങ്ങിയതായും രണ്ടോ, മൂന്നോ ആഴ്ചയ്ക്കകം പുതിയ ആപ്പ് ഐഒഎസിലും ആന്‍ഡ്രോയ്ഡിലും ലഭ്യമാകുമെന്നായിരുന്നു കുന്ദ്രയുടെ മറുപടി. 'വിഡിയോകള്‍ ഡി ആക്ടിവേറ്റ് ചെയ്ത ശേഷം വീണ്ടും പ്ലേസ്‌റ്റോറിനെ സമീപിക്കാമോ' എന്ന് വാട്‌സാപ് ഗ്രൂപ്പിലെ ഒരംഗമായ റോബ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഹോട്‌ഷോട്‌സ് കുന്ദ്രയോടു ചോദിക്കുന്നുണ്ട് . ആപ്പില്‍ നിന്നു ചില ദൃശ്യങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നിരുന്നു. 

മറ്റൊരു ചാനലോ ഒടിടി പ്ലാറ്റ്‌ഫോമോ തുടങ്ങാന്‍ കുന്ദ്ര ആസൂത്രണം ചെയ്തതായാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ഒക്ടോബര്‍ 11ന് 'എച്ച് അക്കൗണ്ട്‌സ്' എന്ന് പേരുള്ള വാട്‌സാപ് ഗ്രൂപ്പില്‍ അംഗങ്ങള്‍ വിഡിയോ കച്ചവടത്തിലൂടെ ലഭിച്ച ലക്ഷങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു. വരുമാനമായി 1.85 ലക്ഷവും സിനിമയില്‍നിന്ന് 4.52 ലക്ഷവും ലഭിച്ചെന്നാണ് വാട്‌സാപ് ഗ്രൂപ്പ് ചാറ്റില്‍ പറയുന്നത്. രാജ് കുന്ദ്രയും ബന്ധുവായ പ്രദീപ് ബക്ഷിയും ഇതിനെ അഭിനന്ദിക്കുന്നുണ്ട്.  കുന്ദ്രയുടെ കരാര്‍ രേഖകള്‍, ഈ മെയിലുകള്‍, വാട്‌സാപ് ചാറ്റ് എന്നിവ അന്വേഷണ സംഘം വിശദമായി പരിശോധിച്ചിരുന്നു. 

വിവാദ ദൃശ്യങ്ങളെച്ചൊല്ലി കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പ്ലേ സ്‌റ്റോറും ആപ്പിള്‍ ആപ്പും ഹോട്‌ഷോട്‌സിനെ വിലക്കിയിരുന്നു.  കെന്റിന്‍ ആണ് 'ഹോട്‌ഷോട്‌സ്' ആപിന്റെ ഉടമകള്‍. കെന്റിന്‍ കമ്പനിയുടെ ഉടമ കുന്ദ്രയുടെ സഹോദരി ഭര്‍ത്താവ് ആണെന്നാണ് പൊലീസ് പറയുന്നത്. രണ്ടു വര്‍ഷമായി കുന്ദ്ര പോണ്‍ ബിസിനസ് രംഗത്തുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. രാജ് കുന്ദ്രയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സെര്‍വര്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ തിങ്കളാഴ്ച രാത്രിയാണ് മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com