16കാരിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി; തട്ടിയത് ലക്ഷണങ്ങൾ; അയൽക്കാരനായ 17കാരൻ അറസ്റ്റിൽ

16കാരിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി; തട്ടിയത് ലക്ഷണങ്ങൾ; അയൽക്കാരനായ 17കാരൻ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇൻഡോർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി 16 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 17കാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ഭാംനിയ സ്വദേശിയെയാണ് ഭാഡ്‌ഗോണ്ട പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അയൽക്കാരൻ കൂടിയായ കൗമാരക്കാരൻ പണം തട്ടിയത്. 

ഭീഷണിയെ തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന പണം മാതാപിതാക്കളറിയാതെ പെൺകുട്ടി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം അലമാരയിൽ നിന്ന് പണമെടുക്കുന്നതിനിടെ പെൺകുട്ടിയെ മാതാപിതാക്കൾ പിടികൂടിയതോടെയാണ് അയൽക്കാരന്റെ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തറിഞ്ഞത്.  

പല ഘട്ടങ്ങളിലായാണ് 17കാരൻ പണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് അടുത്തിടെ ഭൂമി വിറ്റതും ഇതിലൂടെ ഒരുപാട് പണം ലഭിച്ചതും പ്രതി അറിഞ്ഞിരുന്നു. ഇക്കാര്യം മനസിലാക്കിയാണ് സ്വകാര്യ വീഡിയോകളുടെ പേരിൽ ഭീഷണി ആരംഭിച്ചത്. 

തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ പലതവണയായി പെൺകുട്ടി പണം നൽകി. വീട്ടിൽ നിന്ന് ഏകദേശം 16 ലക്ഷം രൂപയാണ് ആരുമറിയാതെ പെൺകുട്ടി പ്രതിക്ക് നൽകിയത്. അടുത്തിടെ അലമാരയിൽ സൂക്ഷിച്ച പണത്തിൽ കുറവുള്ളതായി മാതാപിതാക്കൾ കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിലും ഇവർക്ക് സംശയമുണ്ടായി. എന്നാൽ എങ്ങനെയാണ് പണം മോഷ്ടിക്കുന്നതെന്ന് മാത്രം കണ്ടെത്താനായില്ല. 

രണ്ടേ് ദിവസം മുമ്പ് അലമാരയിലെ ലോക്കറിൽ നിന്ന് ബാക്കിയുള്ള പണമെല്ലാം മാതാപിതാക്കൾ മറ്റൊരിടത്തേക്ക് മാറ്റി. രണ്ട് ലക്ഷം രൂപ മാത്രം ലോക്കറിൽ വെച്ചു. വീട്ടിലുള്ള ആരെങ്കിലും പണം മോഷ്ടിക്കുന്നുണ്ടോ എന്നറിയാനായിരുന്നു ഈ തുക മാത്രം ലോക്കറിൽ വെച്ചത്. കഴിഞ്ഞ ദിവസം ഇതിൽ നിന്ന് ഒരു ലക്ഷം രൂപ പെൺകുട്ടി മോഷ്ടിക്കുകയും ചെയ്തു. ഈ സമയം മാതാപിതാക്കൾ കുട്ടിയെ കൈയോടെ പൊക്കിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. 

മകളോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് അയൽക്കാരന്റെ ഭീഷണിയെക്കുറിച്ച് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇത്തരത്തിൽ 16 ലക്ഷം രൂപ ഇതുവരെ തട്ടിയെടുത്തെന്നും കുട്ടി പറഞ്ഞു. ഇതോടെ മാതാപിതാക്കൾ അയൽക്കാരനായ 17കാരന് എതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് അറസ്റ്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com