വരാനിരിക്കുന്നത് ഉത്സവകാലം, കോവിഡ് പ്രോട്ടോക്കോളില്‍ വീഴ്ച അരുത്: മന്‍ കി ബാത്തില്‍ മുന്നറിയിപ്പുമായി മോദി
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th July 2021 12:34 PM |
Last Updated: 25th July 2021 12:34 PM | A+A A- |

പ്രധാനമന്ത്രി നരേന്ദ്രമോദി / എഎന്‍ഐ ചിത്രം
ന്യൂഡല്‍ഹി: ഉത്സവസീസണ്‍ അടുത്ത പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് ഇവിടെ നിന്ന് പോയിട്ടില്ല. അതിനാല്‍ ഉത്സവസീസണില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഡ് പ്രോട്ടോക്കോളില്‍ ഒരു വീട്ടുവീഴ്ചയും അരുതെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാദില്‍ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാക്‌സിന്‍ എടുക്കാന്‍ മടി കാണിക്കരുത്. വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാവണം. ഭയം മാറ്റിവെയ്ക്കണം. വാക്‌സിന്‍ എടുക്കുന്നവരില്‍ ചിലര്‍ക്ക് പനി വരുന്നുണ്ട്. അത് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളെ മാത്രമല്ല, നിങ്ങളുടെ കുടുംബത്തെ കൂടി അപകടത്തിലാക്കുകയാണ്'- മോദി ഓര്‍മ്മിപ്പിച്ചു.
ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ജനങ്ങളോട് മോദി ആഹ്വാനം ചെയ്തു. ഭാവി തലമുറയെ കരുതി ജലം സംരക്ഷിക്കാന്‍ എല്ലാവരും തയ്യാറാവണമെന്നും മോദി പറഞ്ഞു.