മകളെ പ്രേമിച്ചു; ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു; പിതാവും സഹോദരനും അടക്കം 11 പേർ പിടിയിൽ

മകളെ പ്രേമിച്ചു; ഒളിച്ചോടാനുള്ള ശ്രമത്തിനിടെ 19കാരനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊന്നു; പിതാവും സഹോദരനും അടക്കം 11 പേർ പിടിയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മകളുടെ കാമുകനെ ട്രെയിനിൽ നിന്നു തള്ളിയിട്ടു കൊന്ന കേസിൽ പിതാവും സഹോദരനും അടക്കം 11 പേർ അറസ്റ്റിൽ. ഡോംബിവിലി ജിആർപി ആണ് ഇവരെ അറസ്റ്റ് ചയ്തത്. കല്യാൺ നിവാസിയായ ഷാഹിൽ ഹാഷ്മി (19)യാണ് മരിച്ചത്.

പെൺകുട്ടിയുടെ പിതാവ് ഷാബിർ ഹാഷ്മി, സഹോദരൻ ഖാസിം, ബന്ധുക്കളായ ​ഗുലാം അലി, ഷാഹിദ്, രുസ്താമലി, തസ്ലിം, അബ്ദുല്ല, ഫിറോസ്, റിയാസ്, ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പ്രതിപ്പട്ടികയിലുണ്ട്. ഇയാളെ ഭിവണ്ടിയിലെ റിമാൻഡ് ഹോമിലേക്ക് അയച്ചു. 

ഷാബിർ ഹാഷ്മിയുടെ മകളുമായി ഷാഹിൽ അടുപ്പത്തിലായിരുന്നു. എന്നാൽ ഇത് കുടുംബത്തിന് ഇഷ്ടമായിരുന്നില്ല. ഇരുവരും ഉത്തർപ്രദേശിലെ ബഡോഹി ജില്ലക്കാരാണ്. ഒളിച്ചോടാൻ തീരുമാനിച്ച ഷാഹിൽ ജൂൺ 19നു പെൺകുട്ടിയെയും കൂട്ടി മുംബൈക്കു പോകാനായി പുറപ്പെട്ടു.  

ഇവർ രത്‌നഗിരി എക്‌സ്പ്രസിൽ കയറാൻ സാധ്യതയുണ്ടെന്നു വിവരം ലഭിച്ച പ്രതികൾ കല്യാൺ സ്റ്റേഷനിലെത്തി ഇതേ ട്രെയിനിൽ കയറി. ട്രെയിനിൽ ഷാഹിലിനൊപ്പം പെൺകുട്ടിയെ കണ്ടെത്തി. 

തുടർന്നുള്ള ചോദ്യം ചെയ്യലിനിടെ ഷാഹിലിനെ പ്രതികൾ കോപർ- ദിവ സ്റ്റേഷനുകൾക്കിടയ്ക്കു ട്രെയിനിൽ നിന്നു തള്ളിയിടുകയായിരുന്നു. പരിക്കേറ്റു കിടന്ന ഷാഹിലിനെ പിന്നീട് ജിആർപി ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ച് ദിവസത്തിനു ശേഷം മരിച്ചു.  

ആദ്യം അപകട മരണത്തിനു കേസെടുത്ത ജിആർപി പിന്നീട് കല്യാൺ സ്റ്റേഷനിലെ സിസിടിവിയുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഷാഹിലിനെ തള്ളിയിട്ട ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ചു പ്രതികളുടെ കുടുംബം ഷാഹിലിനെതിരെ പരാതി നൽകിയതാണ് അന്വേഷണത്തിൽ വഴിത്തിരിവുണ്ടായക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com