കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ ; കൂടുതല്‍ മധ്യപ്രദേശില്‍ ; ഐസിഎംആര്‍ സര്‍വേ ഫലം

11 സംസ്ഥാനങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത, കുറഞ്ഞത് മൂന്നില്‍ രണ്ടു ശതമാനം പേരും സിറോ പോസിറ്റീവ് ആയതായി കണ്ടെത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിനെതിരെ ഏറ്റവും കുറവ് ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത് കേരളത്തിലെന്ന് ഐസിഎംആര്‍ സര്‍വേ ഫലം.  ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് 21 സംസ്ഥാനങ്ങളിലെ 70 ജില്ലകളില്‍ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത് മധ്യപ്രദേശിലാണ്.

മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ക്കും കോവിഡ് ആന്റിബോഡി കണ്ടെത്തിയപ്പോള്‍ കേരളത്തില്‍ ഇത് 44.4 ശതമാനം മാത്രമാണ്. അസമില്‍ സിറോ പ്രിവലന്‍സ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. ഐസിഎംആര്‍ നടത്തിയ നാലാംവട്ട സര്‍വേയുടെ ഫലമാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 

രാജസ്ഥാന്‍  76.2%, ബിഹാര്‍75.9, ഗുജറാത്ത് 75.3, ഛത്തിസ്ഗഡ്74.6, ഉത്തരാഖണ്ഡ്73.1, ഉത്തര്‍പ്രദേശ്71, ആന്ധ്രാപ്രദേശ്70.2, കര്‍ണാടക 69.8, തമിഴ്‌നാട്69.2, ഒഡിഷ68.1% എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ സിറോ പ്രിവലന്‍സ് നിരക്ക്. 

ജൂണ്‍ 14 നും ജൂലൈ ആറിനും ഇടയിലാണ് ഐസിഎംആര്‍ നാലാമത് ദേശീയ സിറോ സര്‍വേ നടത്തിയത്. വാക്‌സിന്‍ വഴിയോ, രോഗം വന്നതു മൂലമോ ആന്റിബോഡി കൈവരിച്ചവരെ കണ്ടെത്താനായിരുന്നു സര്‍വേ. 11 സംസ്ഥാനങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത, കുറഞ്ഞത് മൂന്നില്‍ രണ്ടു ശതമാനം പേരും സിറോ പോസിറ്റീവ് ആയതായി കണ്ടെത്തി.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളത്തില്‍ വലിയൊരു ശതമാനം ആളുകള്‍ക്കും ഇനി രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് കുറഞ്ഞ സിറോ പോസിറ്റീവ് ശതമാനം സൂചിപ്പിക്കുന്നത്. രാജ്യത്ത് 26 പേരില്‍ ഒരാള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുമ്പോള്‍, കേരളത്തില്‍ ഇത് അഞ്ചില്‍ ഒരാള്‍ക്കാണെന്ന് മുമ്പ് നടന്ന സിറോ സര്‍വേകളില്‍ വ്യക്തമായിരുന്നു. 3.6 കോടി ജനസംഖ്യയുള്ള കേരളത്തിലെ 45 ശതമാനം പേരെയും കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com