ഒരു കോടിയുടെ വായ്പ തിരിച്ചടയ്ക്കണം, ബാങ്ക് കൊള്ളയടിക്കാന്‍ പദ്ധതി; മുന്‍ മാനേജറുടെ കുത്തേറ്റ് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു

മഹാരാഷ്ട്രയില്‍ ബാങ്ക് കൊള്ളയടിക്കാനുള്ള അക്രമിസംഘത്തിന്റെ ശ്രമം ചെറുക്കുന്നതിനിടെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥ കുത്തേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ബാങ്ക് കൊള്ളയടിക്കാനുള്ള അക്രമിസംഘത്തിന്റെ ശ്രമം ചെറുക്കുന്നതിനിടെ സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥ കുത്തേറ്റ് മരിച്ചു. ഐസിഐസിഐ ബാങ്ക് മുന്‍ മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ട് 8.30ന് ഐസിഐസിഐ ബാങ്കിന്റെ മുംബൈ വിറാര്‍ ഈസ്റ്റ് ശാഖയിലാണ് സംഭവം. ഈ സമയത്ത് കൊല്ലപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥയും സഹപ്രവര്‍ത്തകയും മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ അതേ ബാങ്ക് ശാഖയിലെ തന്നെ മുന്‍ മാനേജര്‍ അനില്‍ ദുബൈ ആണെന്ന് ഇന്‍സ്‌പെക്ടര്‍ സുരേഷ് വരദ പറഞ്ഞു.

ബാങ്കില്‍ അതിക്രമിച്ച് കയറിയ അക്രമിസംഘം കത്തി കാണിച്ച് അസിസ്റ്റന്റ് മാനേജര്‍ യോഗിത വര്‍ത്തകിനെയും കാഷ്യര്‍ ശ്രദ്ധയെയും ഭീഷണിപ്പെടുത്തി. പണവും സ്വര്‍ണാഭരണങ്ങളും കൈമാറാന്‍ ആവശ്യപ്പെട്ടായിരുന്നു ഭീഷണി. പുറത്തുള്ളവരെ അറിയിക്കാനും മോഷ്ടാക്കളെ തടയാനും ശ്രമിക്കുന്നതിനിടെയാണ് ബാങ്ക് ജീവനക്കാരെ അക്രമിസംഘം ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അനില്‍ ദുബൈയെ പിന്തുടര്‍ന്ന് പിടികൂടി. ഒളിവില്‍ പോയ മറ്റൊരു പ്രതിക്കായി തെരച്ചില്‍ നടക്കുകയാണ്.

അസിസ്റ്റന്റ് മാനേജര്‍ യോഗിത ബാങ്കില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് നാട്ടുകാര്‍ കണ്ടത്. ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു സഹപ്രവര്‍ത്തക. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അസിസ്റ്റന്റ് മാനേജര്‍ക്ക് മരണം സംഭവിച്ചിരുന്നു. ബാങ്കില്‍ നിന്ന്് അനില്‍ ഒരു കോടി രൂപ വായ്പ എടുത്തിരുന്നു. പണം കണ്ടെത്താന്‍ കൊള്ളയടിക്കാന്‍ പ്രതി പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊള്ളയടിക്കാന്‍ പ്രതി പദ്ധതിയിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിലവില്‍ മറ്റൊരു ബാങ്കിലാണ് അനില്‍ ജോലി ചെയ്യുന്നത്. കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ച് പ്രതികള്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com