എംപി സ്ഥാനം രാജിവയ്ക്കും; രാഷ്ട്രീയം മതിയാക്കുന്നെന്ന് ബാബുല്‍ സുപ്രിയോ

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബിജെപി ലോക്‌സഭ എംപിയും ഗായകനുമായ ബാബുല്‍ സുപ്രിയോ
ബാബുല്‍ സുപ്രിയോ/ഫയല്‍ ചിത്രം
ബാബുല്‍ സുപ്രിയോ/ഫയല്‍ ചിത്രം

കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബിജെപി ലോക്‌സഭ എംപിയും ഗായകനുമായ ബാബുല്‍ സുപ്രിയോ. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.  എംപി സ്ഥാനം രാജിവയ്ക്കുമെന്നും ഔദ്യോഗിക വസതി ഒഴിയുമെന്നും ബാബുല്‍ കൂട്ടിച്ചേര്‍ത്തു. 

തനിക്കും പാര്‍ട്ടി നേതൃത്വത്തിനും തമ്മില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പിന് മുന്‍പാണ് ഇവയെല്ലാം ആരംഭിച്ചതെന്നും ബംഗാളില്‍ നിന്നുള്ള എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സുപ്രിയോ കുറിച്ചു. 

മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം പാര്‍ട്ടിക്ക് ദോഷകരമാണെന്ന് മാത്രമല്ല, താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്നതാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. 

'എനിക്ക് ഒരു ചോദ്യത്തിന് ഉത്തരം നല്‍കണം, കാരണം അത് പ്രസക്തമാണ്. ഞാന്‍ രാഷ്ട്രീയം വിടാന്‍ ആഗ്രഹിക്കുന്നതെന്തെന്ന ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തിലും ചോദ്യങ്ങള്‍ വരാം. എന്നാല്‍ ബന്ധമുണ്ടെന്ന് തന്നെയാണ് മറയില്ലാതെ ഞാന്‍ പറയുന്നത്. 2014 നും 2019 നും ഇടയില്‍ വലിയ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. മുതിര്‍ന്നവരും യുവാക്കളുമായി വലിയ നേതൃനിര തന്നെയുണ്ട്. അവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പുതിയ ഉയരങ്ങളിലെത്തും. ആര് വരുന്നു പോകുന്നു എന്നത് പ്രശ്‌നമേയല്ല', അദ്ദേഹം കുറിച്ചു.

'വിട. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ല  ടിഎംസി, കോണ്‍ഗ്രസ്, സിപിഎം, എവിടേക്കുമില്ല. ആരും എന്നെ വിളിച്ചിട്ടില്ലെന്നും ഞാന്‍ ഉറപ്പിച്ചു പറയുകയാണ്. ഞാന്‍ എങ്ങോട്ടും പോകുന്നില്ല. ഞാന്‍ വണ്‍ ടീം കളിക്കാരനാണ്! എപ്പോഴും ഒരു ടീമിനെയേ പിന്തുണച്ചിട്ടുള്ളൂ. അത് മോഹന്‍ ബഗാനാണ്. ഒരേയൊരു പാര്‍ട്ടിക്കൊപ്പം മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. അത് ബിജെപിയും', അദ്ദേഹം കുറിച്ചു.

'കുറച്ചു നാലത്തേക്ക് നിന്നു. ചിലരെ സഹായിച്ചു, ചിലരെ നിരാശപ്പെടുത്തി. നിങ്ങള്‍ക്ക് സാമൂഹിക സേവനം നടത്തണമെങ്കില്‍ അതിന് രാഷ്ട്രീയത്തിലില്ലാതെയും ചെയ്യാമെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

രണ്ട് തവണ പാര്‍ലമെന്റ് അംഗമായ ബാബുല്‍ സുപ്രിയോ രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഏപ്രില്‍മെയ് പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അരൂപ് ബിശ്വാസിനോട് തോറ്റത് രാഷ്ട്രീയത്തിലെ വലിയ തിരിച്ചടിയായി.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലയളവില്‍, 2014 നവംബര്‍ മുതല്‍ 2016 ജൂലൈ വരെ നഗരവികസനം, പാര്‍പ്പിടം, നഗര ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, 2016 ജൂലൈ മുതല്‍ വ്യവസായം എന്നിങ്ങനെയുള്ള സഹമന്ത്രിസ്ഥാനം വഹിച്ചിരുന്നു. പരിസ്ഥിതി സഹമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com