വിരമിച്ചിട്ടും ആലാപനെ വിടാതെ കേന്ദ്രം; മോദിയുടെ യോഗത്തില്‍ പങ്കെടുക്കാത്തതിന് നോട്ടീസ്, മമതയ്ക്ക് 'ഈഗോ' എന്ന് ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയെ വിടാതെ കേന്ദ്രം
ആലാപന്‍, മമത ബാനര്‍ജി
ആലാപന്‍, മമത ബാനര്‍ജി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന പശ്ചിമ ബംഗാള്‍ മുന്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യയെ വിടാതെ കേന്ദ്രം. മോദിയുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതിന് കാരണം തേടി ആഭ്യന്തരമന്ത്രാലയം നോട്ടീസ് അയച്ചു. വിവാദത്തിനിടെ, ആലാപന്‍ തിങ്കളാഴ്ച വിരമിച്ചിരുന്നു. അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് അയക്കില്ലെന്നും തന്റെ മുഖ്യ ഉപദേഷ്ടാവായി തുടരുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. 

തിങ്കളാഴ്ച വൈകുന്നേരെ കേന്ദ്രം  അയച്ച നോട്ടിസില്‍, പ്രധാനമന്ത്രിയുടെ യോഗത്തില്‍നിന്ന് എന്തുകൊണ്ട് വിട്ടുനിന്നുവെന്നതിന്റെ കാരണം ബോധിപ്പിക്കണമെന്നാണ് ആവശ്യം.കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഉദ്യോഗസ്ഥന്‍ വിട്ടുനിന്നതിനാലാണ് നോട്ടിസ് എന്നാണ് വിശദീകരണം. വിരമിച്ചാലും സര്‍വീസില്‍ ഇരുന്ന സമയത്തെ പ്രവൃത്തികള്‍ക്ക് അദ്ദേഹം മറുപടി പറയേണ്ടി വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, മമമത ബാനര്‍ജിക്ക് എതിരെ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ വീണ്ടും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ യോഗം ബഹിഷ്‌കരിക്കാന്‍ മമത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് ഗവര്‍ണര്‍ ആരോപിച്ചിരിക്കുന്നത്. മമതയ്ക്ക് പൊതു സേവന താത്പര്യത്തെക്കാള്‍ കൂടുതലുള്ളത് അഹംഭാവമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറ്റപ്പെടുത്തി. 

ഗവര്‍ണറുടെ പരാമര്‍ശത്തിന് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും മമത ബാനര്‍ജി 24 മണിക്കൂറും പൊതുപ്രവര്‍ത്തനത്തില്‍ മുഴുകുന്ന മുഖ്യമന്ത്രിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com