ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടി വാക്‌സിന്‍ കുത്തിവെയ്പ്, മാസം 25 കോടി; കേന്ദ്രസര്‍ക്കാര്‍ പദ്ധതി 

രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ച് കേന്ദ്രസര്‍ക്കാര്‍. ജൂലൈ പകുതിയോടെയോ ആഗസ്റ്റിലോ പ്രതിദിനം ഒരു കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്ന തരത്തില്‍ കുത്തിവെയ്പ് വേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ രൂപരേഖ തയ്യാറാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കാതിരുന്നതിന് കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസവും കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. അതിനിടെയാണ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.

ആഗസ്‌റ്റോടെ പ്രതിമാസം 25 കോടിവാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. പ്രതിദിനം ഒരു കോടിയാണ് ലക്ഷ്യമെന്ന് ദേശീയ ദൗത്യസംഘത്തിന്റെ ചെയര്‍മാന്‍ എന്‍ കെ അറോറ പറഞ്ഞു. വരും ദിവസങ്ങളില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഭാരത് ബയോടെക്കില്‍ നിന്നും കൂടുതല്‍ വാക്‌സിന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്പുട്‌നിക് വാക്‌സിനും കൂടുതലായി വിതരണത്തിന് എത്തും. തദ്ദേശീയമായി സ്പുട്‌നിക് കൂടുതലായി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കൂടി വിപണിയില്‍ എത്തുന്നതോടെ രാജ്യത്ത് ആവശ്യത്തിന് വാക്‌സിനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com