19 ലക്ഷം! കോവിഡ് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് ഭീമന്‍ ബില്ല്; സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനക്കിടെ, ഇരുട്ടടിയായി ലക്ഷങ്ങളുടെ ആശുപത്രി ബില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ:  അച്ഛന്‍ കോവിഡ് ബാധിച്ച് മരിച്ചതിന്റെ വേദനക്കിടെ, ഇരുട്ടടിയായി ലക്ഷങ്ങളുടെ ആശുപത്രി ബില്‍.  സ്വകാര്യ ആശുപത്രിയില്‍ അച്ഛന്‍ 23 ദിവസം ചികിത്സയില്‍ കഴിഞ്ഞതിന് 19 ലക്ഷം രൂപയുടെ ബില്ലാണ് തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ സ്വദേശികള്‍ക്ക് ലഭിച്ചത്.

ആഴ്ചകള്‍ നീണ്ട ചികിത്സയ്ക്കിടെ മെയ് 25നാണ് 62കാരനായ സുബ്രഹ്മണ്യം കോവിഡ് ബാധിച്ച് മരിച്ചത്. അച്ഛന്‍ മരിച്ചതിന്റെ വേദനയ്ക്കിടെയാണ് മക്കള്‍ക്ക് 19 ലക്ഷം രൂപയുടെ ബില്ല് ആശുപത്രി അധികൃതര്‍ കൈമാറിയത്. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മക്കളായ ഹരികൃഷ്ണനും കാര്‍ത്തികേയനും ജില്ലാ കലക്ടറെ സമീപിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് നേരിയ രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് മക്കള്‍ പറയുന്നു. അഞ്ചുദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ ഭാഗമായി വില കൂടി റെംഡിസിവിര്‍ മരുന്ന് നല്‍കി. ഡോസിന് 40000 രൂപയാണ് ഈടാക്കിയതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ആരോഗ്യനില വീണ്ടെടുത്ത സുബ്രഹ്മണ്യത്തിന് വൈകാതെ തന്നെ ആശുപത്രി വിടാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.എന്നാല്‍ മെയ് 24ന് സുബ്രഹ്മണ്യത്തിന് ശ്വാസമെടുക്കുന്നതില്‍ തടസ്സം നേരിട്ടു. ഓക്‌സിജന്‍ ലഭ്യതയുടെ കുറവ് ചൂണ്ടിക്കാട്ടി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അടുത്ത ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അച്ഛന്‍ മരിച്ചതായി മക്കള്‍ ആരോപിക്കുന്നു. രസീത് പോലും തരാതെ ആദ്യത്തെ ആശുപത്രി 19 ലക്ഷം രൂപ ചികിത്സാ ചെലവായി ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com