ജൂഹി ചൗള /ഫയല്‍
ജൂഹി ചൗള /ഫയല്‍

കോടതിയെ ചുറ്റിച്ച് ആരാധകന്റെ പാട്ട്; ജൂഹി ചൗളയുടെ ഫൈവ് ജി കേസില്‍ വെര്‍ച്വല്‍ ഹിയറിങ് തടസപ്പെട്ടു

രാജ്യത്ത് ഫൈവ് ജി ടെലികോം സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ബോളിവുഡ് താരം ജൂഹി ചൗള നല്‍കിയ ഹര്‍ജിയിലെ വെര്‍ച്വല്‍ ഹിയറിങ് തടസപ്പെട്ടു


ന്യൂഡല്‍ഹി: രാജ്യത്ത് ഫൈവ് ജി ടെലികോം സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ബോളിവുഡ് താരം ജൂഹി ചൗള നല്‍കിയ ഹര്‍ജിയിലെ വെര്‍ച്വല്‍ ഹിയറിങ് തടസപ്പെട്ടു. കോടതി നടപടികള്‍ക്കിടെ ജൂഹി അഭിനയിച്ച സിനിമകളിലെ പാട്ടുകള്‍ പാടി ഓരാള്‍ രംഗത്തെത്തിയതോടെയാണിത്. മൂന്ന് തവണയാണ് ഇയാള്‍ പാട്ടുകള്‍പാടി വെര്‍ച്വല്‍ ഹിയറിങ് തടസപ്പെടുത്തിയത്.

ആദ്യം രംഗത്തെത്തിയ ഇയാള്‍ 1993 ല്‍ പുറത്തിറങ്ങിയ 'ഹം ഹേ രഹി പ്യാര്‍ കേ' സിനിമയിലെ 'ഖൂന്‍ഗത് കി ആദ് സേ' എന്ന പാട്ടാണ് പാടിയത്. പിന്നീട് അപ്രത്യക്ഷനായ ഇയാള്‍ രണ്ട് തവണ വീണ്ടും രംഗത്തെത്തി ജൂഹിയുടെ സിനിമകളിലെ പാട്ടുകള്‍ പാടി. ഇതോടെ വെര്‍ച്വല്‍ ഹിയറിങ് നിര്‍ത്തിവച്ചു. അയാളെ നീക്കംചെയ്തശേഷമാണ് നടപടികള്‍ പുനരാരംഭിച്ചത്.

ഡല്‍ഹി ഹൈക്കോടതി വിഷയം അതീവ ഗൗരവമായി എടുക്കുകയും കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഹിയറിങ് തടസപ്പെടുത്തിയ ആളെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

തന്റെ കേസിന്റെ വെര്‍ച്വല്‍ ഹിയറിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജൂഹി ചൗള സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു. 5 ജി വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കുന്ന വെര്‍ച്വല്‍ ഹിയറിങ്ങിന്റെ ഭാഗമാകാന്‍ അവര്‍ അഭ്യര്‍ഥിച്ചിരുന്നു. 

മതിയായ പഠനങ്ങള്‍ നടത്താതെ 5 ജി രാജ്യത്ത് നടപ്പാക്കുന്നതിനെ ചോദ്യംചെയ്താണ് ജൂഹി ചൗള ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. 5 ജി തരംഗങ്ങള്‍ ഉണ്ടാക്കുന്ന റേഡിയേഷന്‍ മനുഷ്യനും മറ്റുജീവികള്‍ക്കും എത്തരത്തില്‍ ദോഷമുണ്ടാക്കും എന്നത് സംബന്ധിച്ച പഠനം നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com