ചെന്നൈ വണ്ടലൂർ മൃഗശാലയിൽ കോവിഡ് ബാധിച്ച് സിംഹം ചത്തു; എട്ടെണ്ണത്തിന് കൂടി രോ​ഗം 

ചെന്നൈ വണ്ടലൂർ മൃഗശാലയിൽ കോവിഡ് ബാധിച്ച് സിംഹം ചത്തു; എട്ടെണ്ണത്തിന് കൂടി രോ​ഗം 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിൽ കോവിഡ് ബാധിച്ച് ഒരു സിംഹം ചത്തു. ഒൻപത് വയസുള്ള നീല എന്ന പെൺ സിംഹമാണ് ചത്തത്. മൃ​ഗശാലയിലെ മറ്റ് എട്ട് സിം​ഹങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ വണ്ടലൂരിലുള്ള അരി​ഗ്നർ അണ്ണ സുവോളജിക്കൽ പാർക്കിലെ സിംഹങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.   

സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഇവയ്ക്ക് രോഗം സ്ഥരീകരിച്ചത്. 

ചത്ത സിംഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും കോവിഡ് ബാധിച്ചിരുന്നുവെന്ന് സംശയിക്കുന്നതായും തമിഴ് നാട് വനം വകുപ്പിലെ വന്യജീവി വിഭാഗത്തിലെ അധികൃതർ വ്യക്തമാക്കി. ഒരു സിംഹം ചത്തതിനെ തുടർന്നാണ് മറ്റ് സിംഹങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്.

സംസ്ഥാന സർക്കാർ കോവിഡ് നിയന്ത്രങ്ങൾ പ്രഖ്യാപിച്ചതോടെ മൃഗശാല അടച്ചിരുന്നു. കോവിഡ് ബാധിക്കുന്നത് തടയുന്നതിനുള്ള മുൻകരുതലുകളും മൃഗശാല എടുത്തിരുന്നു. എന്നാൽ, എങ്ങനെയാണ് സിംഹങ്ങൾക്ക് രോഗം ബാധിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല.  

കോവിഡ് ബാധിച്ച മൃഗങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി മൃഗശാല അധികൃതർ ഹൈദരാബാദ് മൃഗശാലയെ ബന്ധപ്പെട്ടിട്ടുണ്ട്. അവിടെ നേരത്തെ ചില മൃഗങ്ങൾക്ക് രോഗം ബാധിച്ചിരുന്നു. മൃഗങ്ങളുടെ ചികിത്സ സംബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിന്റെ മാർഗ നിർദേശവും മൃ​ഗശാല അധികൃതർക്ക് ലഭിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com