'ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ കന്നഡ', ​ഗൂ​ഗിളിനെതിരെ കർണാടക നിയമനടപടിക്ക്

ഇത്തരമൊരു ഉത്തരം നൽകിയതിൽ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന്റെ അധികൃതർക്ക് നോട്ടീസയയ്ക്കുമെന്ന് കന്നഡ സാംസ്കാരികമന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബെം​ഗളൂരു; ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണ്? ​ഗൂ​ഗിളിൽ ഇങ്ങനെ സെർച്ച് ചെയ്താല്‌‍ വരിക കന്നഡ എന്നാകും. സംഭവം വിവാദമായതോടെ തങ്ങളുടെ ഭാഷയെ ആക്ഷേപിച്ചതിന് കർണാടക സർക്കാർ നിയമനടപടി സ്വകരിക്കാൻ ഒരുങ്ങുകയാണ്. ഇത്തരമൊരു ഉത്തരം നൽകിയതിൽ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന്റെ അധികൃതർക്ക് നോട്ടീസയയ്ക്കുമെന്ന് കന്നഡ സാംസ്കാരികമന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു.

അതിനിടെ സാമൂഹികമാധ്യമങ്ങളിൽ വ്യാപകവിമർശനമുയർന്നതോടെ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ഗൂഗിൾ ഉത്തരം നീക്കംചെയ്തു. ഉത്തരത്തിന്റെ സ്ക്രീൻഷോട്ട്‌ ഉൾപ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു കന്നഡിഗർ രംഗത്തെത്തിയത്. കർണാടകയിലെ രാഷ്ട്രീയ നേതാക്കളും സാംസ്കാരിക പ്രവർത്തകരും ഇതിനെതിരെ രം​ഗത്തെത്തി. 

കന്നഡഭാഷയ്ക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2500-ലധികം വർഷം പഴക്കമുള്ള ഭാഷ കന്നഡിഗരുടെ അഭിമാനമാണെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു. കന്നഡിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്നും അദ്ദേഹം പറഞ്ഞു. ഭാഷകൾക്കെതിരായ ഇത്തരം വിദ്വേഷം നിയന്ത്രിക്കാൻ ഗൂഗിളിന് കഴിയില്ലേയെന്നും ഇത്തരം തെറ്റുകൾ ഒരിക്കലും സ്വീകാര്യമല്ലെന്നും മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. വിമർശനം രൂക്ഷമായതിന് പിന്നാലെ ക്ഷമാപണവുമായി ​ഗൂ​ഗിൾ എത്തി. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നതായി ഗൂഗിൾ ട്വിറ്ററിലൂടെ അറിയിച്ചു. ചില പ്രത്യേക ചോദ്യങ്ങൾക്ക് ചില അസാധാരണ ഫലമാണ് ലഭിക്കാറുള്ളത്. അത് ശരിയല്ലെന്ന് അറിയാം. ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുന്ന ഉടനെ തിരുത്താറുണ്ടെന്നും ഗൂഗിൾ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com