മൂന്നാം തരംഗത്തില്‍ കുട്ടികളുടെ സുരക്ഷ; തയാറെടുപ്പുമായി ഡല്‍ഹി, പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ്

പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സ്, ജീനോം സീക്വന്‍സിങ് ലാബുകള്‍; മൂന്നാം തരംഗം നേരിടാന്‍ പ്രഖ്യാപനവുമായി കെജരിവാള്‍
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം ഭീഷണിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. മൂന്നാം തരംഗത്തില്‍ പ്രതിദിനം 37,000 കേസുകള്‍ വരെ ഡല്‍ഹിയില്‍ ഉണ്ടായേക്കാം എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ കെജരിവാള്‍ പ്രഖ്യാപിച്ചു. 

മൂന്നാം തരംഗം കുട്ടികളെയാകും കൂടുതല്‍ ബാധിക്കുക എന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് മുന്നില്‍ കണ്ട് പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സിനെ സജ്ജമാക്കല്‍, രണ്ട് ജീനോം സീക്വന്‍സിങ് ലാബുകള്‍ സ്ഥാപിക്കല്‍, ഓക്‌സിജന്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ എന്നിവയാണ് കെജരിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട മരുന്നുകളുടെ ബഫര്‍ സ്റ്റോക്കും ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വൈറസിന്റെ വകഭേദങ്ങള്‍ തിരിച്ചറിയുന്നതിനായാണ് രണ്ട് ജീനോം സീക്വന്‍സിങ് ലാബുകള്‍ സ്ഥാപിക്കുന്നത്. ലോക് നായക് ജയ് പ്രകാശ് ഹോസ്പിറ്റലിലും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബിലിയറി സയന്‍സസ് (ഐഎല്‍ബിഎസ്) ലുമാണ് ലാബുകള്‍ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്റെ മൂന്നാം തരംഗത്തിനായി സമഗ്രമായ പദ്ധതി തയ്യാറാക്കുന്നതിന് വെള്ളിയാഴ്ച ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും ആറ് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതായും കെജരിവാള്‍ പറഞ്ഞു. 

മൂന്നാം തരംഗ സമയത്ത് കുട്ടികളെ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള ശുപാര്‍ശകള്‍ നല്‍കുന്നതിനായാണ് പ്രത്യേക പീഡിയാട്രിക് ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കുന്നത്. ഇവരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സര്‍ക്കാര്‍ ഐസിയു, ഓക്‌സിജന്‍ കിടക്കകള്‍ സ്ഥാപിക്കല്‍, കുട്ടികള്‍ക്കായി പ്രത്യേക ഉപകരണങ്ങള്‍ വാങ്ങുക എന്നിവ ചെയ്യുക.  

'രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യത്തില്‍ ഒരു ദിവസം 28,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദഗ്ധരുമായുള്ള കൂടിയാലോചനയുടെ അടിസ്ഥാനത്തില്‍, മൂന്നാം തരംഗം രൂക്ഷമാകുന്ന ഘട്ടത്തില്‍ 37,000 കേസുകള്‍ വരെ ഉണ്ടായേക്കാമെന്ന് ഞങ്ങള്‍ അനുമാനിക്കുന്നു. ഈ നമ്പര്‍ മനസ്സില്‍ വെച്ചുകൊണ്ട്, ഞങ്ങള്‍ കിടക്കകളും ഓക്‌സിജന്‍ ശേഷിയും മരുന്നുകളും വര്‍ദ്ധിപ്പിക്കും'.

'രണ്ടാം തരംഗത്തില്‍ ചെയ്തതുപോലെ ഡല്‍ഹി മറ്റൊരു ഓക്‌സിജന്‍ പ്രതിസന്ധി നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ 25 ഓക്‌സിജന്‍ ടാങ്കറുകള്‍ വാങ്ങുകയും അടുത്ത ഏതാനും ആഴ്ചകളില്‍ 64 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുകയും ചെയ്യും. ഡല്‍ഹി ഒരു വ്യാവസായിക സംസ്ഥാനമല്ല, സ്വന്തമായി ടാങ്കറുകള്‍ ഇല്ല, പക്ഷേ മൂന്നാം തരംഗത്തിന് തയ്യാറെടുക്കുന്നതിനായി ഞങ്ങള്‍ 25 ടാങ്കറുകള്‍ വാങ്ങും. മറ്റൊരു ഓക്‌സിജന്‍ പ്രതിസന്ധിയുടെ സാധ്യത നേരിടാന്‍ 420 ടണ്‍ ഓക്‌സിജന്‍ സംഭരണ ശേഷി സൃഷ്ടിക്കും. ഇക്കാര്യം ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡുമായി സംസാരിക്കുകയും 150 ടണ്‍ ഓക്‌സിജന്‍ ഉത്പാദന പ്ലാന്റ് സൃഷ്ടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്'- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആശുപത്രികള്‍, ഓക്‌സിജന്‍ പ്ലാന്റുകള്‍, മരുന്ന് വിതരണം തുടങ്ങിയ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതയും നിലവിലെ സ്ഥിതിയും വിലയിരുത്തി കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ മെയ് 27 ന് ഡല്‍ഹി സര്‍ക്കാര്‍ 13 അംഗ സമിതി രൂപീകരിച്ചിരുന്നു. മൂന്നാം തരംഗത്തിന്റെ ലഘൂകരണത്തിനും പദ്ധതികള്‍ ആവിഷ്‌കരിക്കാനുമായി മറ്റൊരു എട്ടംഗ വിദഗ്ധ സമിതിയേയും സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com