ട്വിറ്ററിന് നൈജീരിയയിൽ വിലക്ക്; കളം പിടിക്കാൻ ഇന്ത്യയുടെ 'കൂ'

ട്വിറ്ററിന് നൈജീരിയയിൽ വിലക്ക്; കളം പിടിക്കാൻ ഇന്ത്യയുടെ 'കൂ'
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ട്വിറ്ററിന് വിലക്ക് ഏർപ്പെടുത്തിയതോടെ കളം പിടിക്കാനുള്ള ശ്രമവുമായി ഇന്ത്യൻ നിർമിത മൈക്രോ ബ്ലോ​ഗിങ് പ്ലാറ്റ്‌ഫോം 'കൂ' (Koo). പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ ട്വീറ്റ്, നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ട്വിറ്റർ നീക്കം ചെയ്തിരുന്നു. ഇതോടെയാണ് നൈജീരിയ ട്വിറ്ററിന് വിലക്കേർപ്പെടുത്തിയത്. പിന്നാലെയാണ് നൈജീരിയയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കൂ ഒരുങ്ങുന്നത്. 

കൂ ഇന്ത്യ നൈജീരിയയിൽ ലഭ്യമാണെന്നും അവിടത്തെ പ്രാദേശിക ഭാഷകളിൽ പ്ലാറ്റ്ഫോം ഒരുക്കാനുള്ള ആലോചനയിലാണ് തങ്ങളെന്നും കമ്പനിയുടെ സഹ സ്ഥാപകൻ അപ്രമേയ രാധാകൃഷ്ണ ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്നാലെ നിർദേശങ്ങളും ആശംസകളുമായി നിരവധി പേർ രം​ഗത്തെത്തി. 

അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പൂർവ വിദ്യാർത്ഥി അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേർന്ന് കഴിഞ്ഞ വർഷമാണ് കൂ പ്ലാറ്റ് ഫോം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മനിർഭർ ഭാരത് ആപ്പ് ഇന്നൊവേഷൻ ചലഞ്ചിന്റെ ഭാഗമായാണ് കൂ വികസിപ്പിക്കപ്പെട്ടത്. മത്സരത്തിലെ സോഷ്യൽ വിഭാഗത്തിൽ കൂ രണ്ടാം സ്ഥാനം നേടുകയും ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലും കൂ വിനെ പ്രശംസിക്കുകയുണ്ടായി. നിലവിൽ കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളും കൂ പ്ലാറ്റ്ഫോമിന്റെ ഭാഗമാണ്. 

ട്വിറ്ററിന് സമാനമായാണ് കൂ പ്ലാറ്റ്ഫോമിന്റേയും രൂപകൽപന. ഇതിൽ നമ്മൾ പങ്കുവെക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുന്നത്. റീ ട്വീറ്റിന് പകരമായി റീ കൂ എന്നും റീ ട്വീറ്റ് വിത്ത് കമന്റിന് പകരമായ റീ കൂ വിത്ത് കമന്റ് എന്നീ സൗകര്യവും കൂവിലുണ്ട്. ഫെയ്സ്ബുക്കിലെ ലൈക്ക് ബട്ടന് സമാനമാണ് കൂവിലെ ലൈക്ക് ബട്ടൻ. വിവിധ പ്രാദേശിക ഭാഷകൾ കൂവിൽ ലഭ്യമാണ്. മഞ്ഞ നിറത്തിലുള്ള തീം ആണ് കൂ തിരഞ്ഞെടുത്തിരിക്കുന്നത്. കമ്പ്യൂട്ടറിലും മൊബൈലിലും കൂ ഉപയോഗിക്കാനാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com